റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവും കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. സല്‍മാന്‍ രാജാവ് ഒരുക്കിയ ഉച്ച വിരുന്നിലും ബഹ്‌റൈന്‍ രാജാവും സംഘവും പങ്കെടുത്തു. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ രാജകുമാരന്‍, രഹസ്യാന്വേഷണ വിഭാഗം ഉപമേധാവി ബന്ദര്‍ ബിന്‍ ഫൈസല്‍ രാജകുമാരന്‍, ബഹ്‌റൈനിലെ സൗദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ അഹ്‌മദ് രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി എന്നിവര്‍ കൂടിക്കാഴ്ചയിലും ഉച്ച വിരുന്നിലും പങ്കെടുത്തു.
നിരന്തര ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും തുടര്‍ച്ചയെന്നോണം മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സല്‍മാന്‍ രാജാവുമായി താന്‍ കൂടിക്കാഴ്ച നടത്തിയതെന്ന് ബഹ്‌റൈന്‍ രാജാവ് പറഞ്ഞു. ബഹ്‌റൈന്‍ എന്നും സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും. സൗദി അറേബ്യയുടെ സുരക്ഷ ബഹ്‌റൈനിന്റെ സുരക്ഷയുടെ അവിഭാജ്യ ഭാഗമാണ്. മേഖലാ സുരക്ഷയുടെയും സ്ഥിരതയുടെയും പ്രധാന അടിത്തറയാണ് സൗദി അറേബ്യയെന്നും ബഹ്‌റൈന്‍ രാജാവ് പറഞ്ഞു. നേരത്തെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബഹ്‌റൈന്‍ രാജാവിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.