കൊച്ചി- കാക്കനാട്ടെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണവുമായി യുവതി. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജീഷ് പി.എസിനെതിരെയാണ് സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലൂടെ യുവതി ആരോപണമുന്നയിച്ചത്. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. യുവതി വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ നിരവധി യുവതികള്‍ സമാന ആരോപണവുമായി രംഗത്തെത്തി.
സിനിമ താരങ്ങളുള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ടാറ്റൂ ചെയ്യുന്ന വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ് 'ഇങ്ക്ഫെക്ടഡ്'.
കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായതെന്ന് യുവതി പറയുന്നു. മുമ്പ് ഇതേ സ്ഥലത്ത് ടാറ്റൂ ചെയ്തിരുന്നെങ്കിലും മോശം അനുഭവങ്ങളുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. 'ടാറ്റൂ ചെയ്യുന്നത് നടുവിന് താഴെയുള്ള ഭാഗത്തായതിനാല്‍ അടച്ചിട്ട മുറിയില്‍ വെച്ചായിരുന്നു പച്ചകുത്തല്‍. ചിറകുള്ള വജൈനയുടെ ചിത്രമാണ് ടാറ്റു ചെയ്യാനായി താന്‍ വന്നതെന്ന് യുവതി വ്യക്തമാക്കുന്നു. ടാറ്റുവിന്റെ അര്‍ഥം ചോദിച്ച് മനസിലാക്കിയ സുജീഷ്, സെക്‌സ് ഇഷ്ടപ്പെടുന്നതുകൊണ്ടാണോ ഈ ടാറ്റു ചെയ്യുന്നതെന്ന് ചോദിച്ചു. പിന്നീട് ടാറ്റു ചെയ്യുന്നതിനിടെ പതിനെട്ട് വയസ് കഴിഞ്ഞോയെന്നും പാര്‍ലറിലേക്ക് കൂടെ വന്നിരിക്കുന്നത് ബോയ്ഫ്രണ്ട് ആണോയെന്നും ആര്‍ടിസ്റ്റ് ചോദിച്ചു. പീരിയഡ്സിലാണോയെന്നും ആരാഞ്ഞു. പിന്നീട് വസ്ത്രം അഴിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയുമായിരുന്നു. രക്തം പൊടിഞ്ഞപ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ചുകളഞ്ഞ ശേഷം അതിക്രമം തുടര്‍ന്നു. ഈ സമയത്തുമുഴുവന്‍ ടാറ്റൂ ചെയ്യുന്ന യന്ത്ര സൂചി അയാള്‍ നടുവില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്ന തന്നെ വീട്ടില്‍ നിന്ന് അമ്മ ഫോണില്‍ വിളിച്ചപ്പോഴാണ് അയാള്‍ മോചിപ്പിച്ചത്.'
അതിക്രമത്തിനൊടുവില്‍ ഇയാള്‍ പണം വേണ്ടെന്ന് പറയുകയും ടാറ്റൂ പൂര്‍ത്തിയാക്കാന്‍ വീണ്ടും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് യുവതി പറയുന്നു. തനിക്കുണ്ടായ ദുരനുഭവം മാതാപിതാക്കളെ അറിയിച്ചു. അവര്‍ അഭിഭാഷകയോട് സംസാരിച്ചെങ്കിലും സാക്ഷിയോ മറ്റ് തെളിവുകളോ ഇല്ലെങ്കില്‍ നീതി പ്രതീക്ഷിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
സമാനമായ അനുഭവം മറ്റൊരു പെണ്‍കുട്ടിയും പങ്കുവെച്ചു. ആദ്യമായി ടാറ്റു ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താന്‍ സുജീഷിന്റെ അടുത്ത് പോയത്. ആദ്യം തന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് ശരിക്കുമൊന്ന് പകച്ചുപോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാല്‍ ശരീരഭാഗം മറയ്ക്കാന്‍ തുണി നല്‍കാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാള്‍ തന്റെ മാറിടത്തില്‍ പിടിച്ചതായും യുവതി പറഞ്ഞു. ഈ സമയം വല്ലാത്ത അസ്വസ്ഥതയുണ്ടായി. രണ്ട് വര്‍ഷം മുമ്പുണ്ടായ അനുഭവം താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു.