Sorry, you need to enable JavaScript to visit this website.

കേരള കോണ്‍ഗ്രസ് കര്‍ഷകനേയും ന്യൂനപക്ഷങ്ങളേയും നശിപ്പിച്ചു- പി.സി. ജോര്‍ജ്

കോട്ടയം - താന്‍ കേരള കോണ്‍ഗ്രസുകാരനല്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസ് രൂപീകരണം ചരിത്രപരമായ മടയത്തരമാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും നശിപ്പിച്ചു. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടികൊണ്ട് കേരളത്തിന് നഷ്ടം മാത്രമാണ് ഉണ്ടായത്. കെ.എം മാണിയും പി.ജെ ജോസഫും കൂടി കര്‍ഷകര്‍ക്ക് പട്ടയം നിഷേധിച്ചു. അതിനുവേണ്ടി വാദിച്ച തന്നെ മാണി പൊട്ടന്‍ എന്ന് വിളിച്ചു. തനിക്ക് കേരള കോണ്‍ഗ്രസുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. താന്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസുകാരനല്ലെങ്കിലും നേരത്തെ ആയിരുന്നു. പി.ജെ ജോസഫ് പറഞ്ഞതനുസരിച്ചാണ് പൂഞ്ഞാറില്‍ ആദ്യം മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

ന്യൂനപക്ഷങ്ങളേയും കര്‍ഷകരേയും രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു പറഞ്ഞാണ് കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. അന്ന് കെ.എം ജോര്‍ജും കെ.എം മാണിയും പി.ജെ ജോസഫും ഒക്കെ മന്ത്രിമാരായി എന്നിട്ടെന്തുണ്ടായി കുറെ പേര്‍ക്ക് കുറെ ചക്രമുണ്ടാക്കാന്‍ പറ്റി. ഇവിടെ ക്രിസ്ത്യാനിക്കും മുസ്ലി മിനും കര്‍ഷകര്‍ക്കും ഒന്നും കിട്ടിയിട്ടില്ല. മന്ത്രിമാരുണ്ടായിട്ടു പോലും ഇടുക്കിയില്‍ കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാന്‍ സാധിച്ചില്ലെന്നും കാരണം കെ.എം മാണിയും പി.ജെ ജോസഫുമാണെന്നും ജോര്‍ജ് വ്യക്തമാക്കി.

മാണിയും ജോസഫും ധനകാര്യ- റവന്യൂ മന്ത്രിമാരായിരുന്ന സമയം മാസ്‌കറ്റ് ഹോട്ടലില്‍ ഒരു യോഗം കൂടിയപ്പോള്‍ താന്‍ ഇക്കാര്യം പറഞ്ഞതാണ്. ഇതില്‍ കൂടുതല്‍ നല്ലൊരു അവസരം കേരള കോണ്‍ഗ്രസിന് കിട്ടാനില്ല. ഇടുക്കിയിലെയും കണ്ണൂര്‍ മുതലുള്ള മലയോര കര്‍ഷകരുടെ പട്ടയ പ്രശ്‌നം ഇത്തവണ പരിഹരിക്കണം. നമ്മളില്ലെങ്കില്‍ സര്‍ക്കാരില്ല കോണ്‍ഗ്രസ് എതിര്‍ത്താലും നമുക്കത് നടത്തിയേ പറ്റൂ എന്ന് പറഞ്ഞു. ഉടന്‍ കെ.എം മാണി പൊട്ടിച്ചിരിച്ച് പറഞ്ഞത് ജോര്‍ജ് ഒരു പൊട്ടനാണ് എന്നായിരുന്നു.

അതെന്താണെന്ന് താന്‍ ചോദിച്ചപ്പോള്‍ കെ.എം മാണി പറഞ്ഞു 'പശുവിന് ചക്ക മടല്‍ കൊടുക്കാം കൊടുക്കാം' എന്ന് പറയുകയേ ചെയ്യാവൂ കൊടുക്കരുത്, കിട്ടിയാല്‍ അത് അതിന്റെ വഴിക്ക് പോകുമെന്ന്. അതായത് കൃഷിക്കാരന് പട്ടയം കൊടുത്താല്‍ അവന്‍ അവന്റെ വഴിക്ക് പോകും പിന്നെ കിട്ടില്ല അതുകൊണ്ട് കൊടുക്കരുത്. ചക്കമടല്‍ നീട്ടിക്കാണിക്കുക പശു അടുത്ത് വരും അപ്പോ മാറി നിന്ന് വീണ്ടും നീട്ടിക്കാണിക്കുക. പശു പുറകേ വരും കൊടുക്കരുത്. ഇതായിരുന്നു പട്ടയ വിഷയത്തില്‍ മാണിയുടെ നയം.
കേരളത്തില്‍ കുറച്ചു കാലമായി നടക്കുന്നത് പിണറായിസം ആണ്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ ഏത് കക്ഷിയുമായും മുന്നണിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജനപക്ഷം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം. എറണാകുളത്ത് നടക്കുന്നത് പാര്‍ട്ടി സംസ്ഥാന സമ്മേളനം അല്ല. പിണറായിയുടെ ഇഷ്ടക്കാരുടെ ഒരു കൂട്ടമാണ്. പിണറായിയെ എതിര്‍ക്കുന്നവര്‍ സി.പി.എം വിട്ട് കാനം രാജേന്ദ്രന്‍ നയിക്കുന്ന സി.പി.ഐക്കൊപ്പം ചേര്‍ന്ന് എല്‍.ഡി. എഫിനെ ശക്തിപ്പെടുത്തണമെന്നും ജോര്‍ജ് പറഞ്ഞു.
എറണാകുളത്ത് നടക്കുന്നത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് കരുതാന്‍ കഴിയില്ല. പിണറായി എന്ന വ്യക്തിയുടെ പേരില്‍ ഒരുപറ്റം ആളുകള്‍ ഒരുമിച്ച് ചേരുന്ന ഒരു യോഗം മാത്രമായി എറണാകുളം സമ്മേളനം അധപതിച്ചിരിക്കുന്നു. സി.പി.എമ്മിന് രൂപം കൊടുത്ത 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി വി.എസ് അച്യുതാനന്ദന്‍ മാത്രമാണ്. അദ്ദേഹത്തെയും ഈ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എറണാകുളത്ത് നടത്തുന്ന ഈ സമ്മേളനത്തില്‍ എറണാകുളംകാരനായ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിനെയും ഒഴിവാക്കിയിരിക്കുന്നു.

 

 

 

 

 

Latest News