Sorry, you need to enable JavaScript to visit this website.

ബസിന് വാടക മൂന്നുലക്ഷം, എന്നിട്ടും വഴിയിലിറങ്ങി... ഉക്രൈനില്‍ ഒരു വിദ്യാര്‍ഥിയുടെ ദുരിതകഥ

വടകര- ഉക്രൈനില്‍ യുദ്ധം തുടങ്ങിയ ശേഷം വേവലാതിയോടെ കഴിഞ്ഞ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സന്തോഷം. മുഹമ്മദ് ഇല്യാസ് സുഖമായി നാട്ടിലെത്തി. സഹായിച്ച കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിച്ച് കുടുംബം. ഉക്രൈന്‍ വിന്നിസ്റ്റിയ നേഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി വേളം തീക്കുനിയിലെ കോട്ടൂര് കുഞ്ഞാലിക്കുട്ടിയുടെയും ഫൗസിയയുടേയും  മകന്‍ മുഹമ്മദ് ഇല്യാസാ(21)ണ് ഉക്രൈനില്‍നിന്ന് ഏറെ പ്രയാസപ്പെട്ട് നാട്ടിലെത്തിയത്. നാട്ടിലെത്തിയതില്‍ സന്തോഷമേറെയുണ്ടങ്കിലും ഒന്നിച്ചുണ്ടായിരുന്നവര്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്തതിന്റെ പ്രയാസത്തിലാണ് മുഹമ്മദ് ഇല്യാസ്. നിരവധി മലയാളികള്‍  ഉള്‍പ്പെടെയുള്ളവര്‍ വിവിധ സ്ഥലങ്ങളിലെ  ബങ്കറിലും ക്യാ മ്പിലും കുടുങ്ങി കിടക്കുന്നതായി അയാള്‍ പറഞ്ഞു. ഒന്നിച്ചിറങ്ങിയ നാട്ടുകാരന്‍പോലും അവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞു.
ദിവസങ്ങളായി സൈറണ്‍ കേള്‍ക്കുമ്പോള്‍ ബങ്കറിലേക്ക് മാറിനില്‍ക്കും. ല്പ സമയത്തിന് ശേഷം പുറത്തേക്ക് വരുും. ഇങ്ങിനെ ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നെന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഇല്യാസ് പറഞ്ഞു. താമസിക്കുന്ന സ്ഥലത്ത് യുദ്ധഭീഷണി കാര്യമായില്ലെങ്കിലും എപ്പോഴും ഉണ്ടാകാമെന്ന ഭീതിയിലായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ കിട്ടാതായി. അതിനിടയിലാണ് അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചത്. മലയാളികളായ പെണ്‍കുട്ടികളുള്‍പ്പടെ 10 പേരുണ്ടായിരുന്നു. റൊമാനിയയിലേക്ക് നീങ്ങാനായിരുന്നു തീരുമാനം. 45 പേരടങ്ങുുന്ന സംഘം ഒരു ബസ് ഏര്‍പ്പാടാക്കി 400 കിലോ മീറ്ററിലധികം ദൂരമുള്ള  അതിര്‍ത്തിയിലേക്ക് നീങ്ങാനിരിക്കെയാണ് ആ ബസ് കൂടതല്‍ തുക നല്‍കി മറ്റൊരു സംഘം വിളിച്ചത്. അവിടെ കുടുങ്ങുമോ എന്ന ശങ്ക നിലനില്‍ക്കുമ്പോഴാണ് മറ്റൊരു ബസ് കിട്ടിയത്. മൂന്ന് ലക്ഷം രൂപക്ക് ബസ് വിളിച്ച് യാത്ര ആരംഭിച്ചു. എന്നാല്‍ ബോഡറിന്റെ 15 കിലോമീറ്റര്‍ ഇപ്പുറം ബസിന് നീങ്ങാനായില്ല അവിടെ ഇറങ്ങി വാഹനമൊന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ അതിര്‍ത്തിയിലേക്ക് നടക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഇല്യാസ് പറഞ്ഞു.
നാട്ടുകാരായ ക്ലാസ് മേറ്റുകളോടൊപ്പം നടന്ന് തളര്‍ന്ന് എത്തിയെങ്കിലും ക്രോസ് ചെയ്യാനായില്ല. നീണ്ട ക്യൂവായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍ വിടാനായത്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ളവര്‍ക്ക് പ്രത്യേക ക്യൂവായിരുന്നു. ആയിരക്കണക്കിന് ആളുകളാണുള്ളത്. ബോര്‍ഡര്‍ ക്രോസ് ചെയ്ത് ബസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ കയറി, തനിക്ക് കയറാനായില്ലെന്ന് ഇല്യാസ് പറഞ്ഞു. എന്നാല്‍ ആ ബസ് വിമാനത്താവളത്തിലേക്കല്ലെന്ന് പിന്നീടാണ് മനസിലായത്. പിന്നീട് വന്ന ബസില്‍ ഒന്നും നോക്കാതെ തിക്കികയറുകയായിരുന്നു. ഭാഗ്യത്തിന് അത് എയര്‍ പോര്‍ട്ടിലേക്കായാരുന്നു. ഉക്രൈന്‍ ബോര്‍ഡറിന് ശേഷം സഹായിക്കാന്‍ ഇന്ത്യന്‍ എംബസി രംഗത്തുണ്ടായിരുന്നു. അവരുടെ സേവനം വിലപ്പെട്ടതായിരുന്നെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞു.  ദല്‍ഹിയില്‍ വിമാനമിറങ്ങിയതോടെ കേരള സര്‍ക്കാരിന്റെ സഹായവും ലഭിച്ചു. കണ്ണൂരെത്തിയപ്പോള്‍  റവന്യൂ അധികൃതരാണ് സര്‍ക്കാര്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചതെന്ന് ഇല്യാസ് പറഞ്ഞു. ഏറെ സഹായംനനല്‍കിയ കേന്ദ്ര -കേരള സര്‍ക്കാരുകള്‍ക്ക് ഏറെ നന്ദിയുണ്ടെന്നും എന്നെപോലെ അവിടെ കുടുങ്ങിയവരേയും നാട്ടിലെത്തിക്കണമെന്ന് ഇല്യാസിന്റെ മാതാവ് ഫൗസിയ പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇല്യാസിന്റെ ശബ്ദം കേള്‍ക്കുന്നതായിരുന്നു മനസിന് സമാധാനം തന്നത്. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഫോണ്‍ കിട്ടാതായതോടെ മാനസികമായി തന്നെ തകര്‍ന്നിരുന്നു.
 ഏറെ പ്രയാസപ്പെട്ട് നാല് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ പഠനം ആശങ്കയിലാണെന്ന് ഇല്യാസ് പറയുന്നു. യുദ്ധത്തിന്റെ സ്ഥിതി എന്താവുമെന്നറിയാതെ ഒന്നും പറയാനാകാത്ത അവസ്ഥയാണ്. ക്ലാസിനെ കുറിച്ച് കോളേജില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞു.
മുഹമ്മദ് ഇല്യാസിനെ നേരില്‍ കാണാനും യുദ്ധവിവരങ്ങളറിയാനും ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വീട്ടിലെത്തുന്നത്. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ , വെസ് പ്രസിഡന്റ് കെ സി ബാബു ഉള്‍പ്പൈട ജനപ്രതിനിധികളും വിവധ പാര്‍ട്ടി നേതാക്കളും വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി.

 

 

Latest News