Sorry, you need to enable JavaScript to visit this website.

വെജിറ്റബിള്‍ ബിരിയാണി ചോദിച്ചു, ചിക്കന്‍ ബിരിയാണി നല്‍കി; ഹോട്ടലില്‍ സംഘര്‍ഷം

പയ്യന്നൂര്‍ - ഹോട്ടലില്‍ പച്ചക്കറി ബിരിയാണി ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ചിക്കന്‍ ബിരിയാണി വിളമ്പിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂര്‍ മെയിന്‍ റോഡിലെ സെന്‍ട്രല്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി ഹോട്ടലില്‍ ഉച്ചയോടെയാണ് സംഘര്‍ഷം അരങ്ങേറിയത്.
പ്രായമായ ഒരാള്‍ ഹോട്ടലിലെത്തി പച്ച ക്കറി ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വിളമ്പിയത് ചിക്കന്‍ ബിരിയാണിയായിരുന്നു. പാത്രത്തില്‍ നിന്ന് കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ചിക്കന്‍ ബിരിയാണിയാണെന്ന് മനസിലായത്. താന്‍ ഓര്‍ഡര്‍ ചെയ്തത് പച്ചക്കറി ബിരിയാണി ആണെന്നും ചിക്കന്‍ കഴിക്കാറില്ലെന്നും ഹോട്ടലുടമയോട് പറഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.
ഭക്ഷണം മാറ്റിനല്‍കാന്‍ ഹോട്ടല്‍ ഉടമ തയാറായില്ല. ഇതിനിടയില്‍ തൊട്ടടുത്ത മേശയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഷിമിത്തും സനൂപും പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രശ്‌നത്തിന്റെ പരിഹാരമെന്ന നിലയില്‍ ആദ്യം വിളമ്പിയ ചിക്കന്‍ ബിരിയാണിയുടെ തുക ഞങ്ങള്‍ നല്‍കാമെന്നും അയാള്‍ക്ക് പച്ചക്കറി ബിരിയാണി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹോട്ടല്‍ ഉടമ ഇവരോട് തട്ടിക്കയറി. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തത്. ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയും ഇതിനിടെ ആരംഭിച്ചു. കാഷ് കൗണ്ടറിലുണ്ടായിരുന്ന ബില്ലുകള്‍ ഉള്‍പ്പെടെ റോഡിലേക്ക് വലിച്ചെറിഞ്ഞു സംഭവം ശ്രദ്ധയില്‍പ്പെട്ട് നിരവധിയാളുകളാണ് തടിച്ചുകൂടിയത്. സംഘര്‍ഷത്തില്‍
ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ സി.വി. ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ പാനൂര്‍ പൂക്കോത്ത് സി.പി. ഷിമിത്ത്, ഇരിട്ടി കോളിത്തട്ടിലെ എം.എസ്. സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി. ഹോട്ടലുടമയാണ് അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും യാതൊരു പ്രകോപ നവും ഇല്ലാതെ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നും പരിക്കേറ്റ ഷിമിത്തും സനൂപും പറയുന്നു. ബാറ്ററി, ഇന്‍വെര്‍ട്ടര്‍ എന്നിവയുടെ വിതര ണത്തിനായി പയ്യന്നൂരില്‍ എത്തിയതാണ് ഇരുവരും. അതേസമയം ഇവര്‍ കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കി മര്‍ദിച്ചുവെന്നാണ് ഹോട്ടലുടമയുടെ പരാതി. ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Latest News