തൃശൂര്‍- തൃശൂര്‍ കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ യുവാക്കള്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍. 11 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് സംഘം ഇവരില്‍നിന്നു പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയുമധികം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധ്രയില്‍നിന്നു വരികയായിരുന്ന സംഘം പോലീസിന്റെ പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശികളായ കിഷോര്‍, അനൂപ്, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ഒന്നരമാസമായി പ്രതികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയില്‍ രണ്ടാഴ്ച മുമ്പ് ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഹാഷിഷ് ഓയില്‍ കടത്തിയിരുന്നു. എന്നാല്‍ ഇത്തവണ പ്രതികള്‍ രക്ഷപ്പെടാതിരിക്കാനുള്ള പഴുതുകളെല്ലാം അടച്ചാണ് പോലീസ് വിന്യാസമൊരുക്കിയത്.
പ്രതികള്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് അര്‍ധരാത്രി മുതല്‍ ദേശീയപാതയില്‍ പലയിടങ്ങളിലായി നിലയുറപ്പിച്ചു. തുടര്‍ന്ന് മുരുങ്ങൂരില്‍ രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.