ഫെയ്സ്ബുക്കില്‍ കമന്റിട്ടതിന് ക്രൂരമായി മര്‍ദിച്ചു, പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് പരാതി

ഇടുക്കി- ഫെയ്സ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ സി.പി.എം. ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കരിമണ്ണൂര്‍ സ്വദേശി ജോസഫിനെയാണ് 25 ഓളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. പരിക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കടയിലേക്ക് ഇരച്ചെത്തിയ സംഘം ഇരുമ്പ് പൈപ്പ് കൊണ്ടും കമ്പി വടി കൊണ്ടും ക്രൂരമായി ആക്രമിച്ചെന്നാണ് ജോസഫിന്റെ മൊഴി. ജോസഫിന്റെ കൈയും കാലും അക്രമികള്‍ തല്ലിയൊടിച്ചു. കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജോസഫ് കമന്റ് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

 

Latest News