ജിദ്ദ - മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദയിലെ വാദി ഹുലി അണക്കെട്ട് ഷട്ടറുകൾ തുറന്നു. നാൽപത്തിയഞ്ചു ദിവസത്തിനിടെ ആകെ ഒന്നര കോടി ഘനമീറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുകയെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ സഈദ് അൽഗാംദി പറഞ്ഞു. കർഷകരുടെ ജലസേചന ആവശ്യം നിറവേറ്റാനും പ്രദേശത്ത് കിണറുകളിലെ ജലവിതാനം ഉയർത്താനും ലക്ഷ്യമിട്ടാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതെന്ന് എൻജിനീയർ സഈദ് അൽഗാംദി പറഞ്ഞു.
വെള്ളം ഒഴുകുന്ന പ്രദേശങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആവശ്യപ്പെട്ടു. 384 മീറ്റർ നീളവും 57 മീറ്റർ ഉയരവുമുള്ള വാദി ഹുലി അണക്കെട്ടിന്റെ സംഭരണ ശേഷി 25.4 കോടി ഘനമീറ്റർ ആണ്. അണക്കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റിൽ പ്രതിദിനം ഒരു ലക്ഷം ഘനമീറ്റർ വെള്ളം ശുദ്ധീകരിക്കുന്നു.