ദുബായ്- ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് തുർക്കിയിലേക്ക് പറന്നുയർന്ന സ്വകാര്യ വിമാനം ഇറാനിലെ പർവത മേഖലയിൽ തകർന്നു വീണ് 11 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നത് ഒരു സംഘം യുവതികൾ മാത്രമാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഷാർജയിൽ നിന്ന് ഈ വിമാനം ഇസ്താംബൂളിലേക്ക് പറന്നുയർന്നത്. ബാചിലറെറ്റ് പാർട്ടി ആഘോഷിക്കാനായി തുർക്കിയിൽ നിന്ന് ദുബായിലെത്തിയതായിരുന്നു സംഘം. തുർക്കിയിലെ ഒരു വ്യവസായ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ചെറുവിമാനം.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്നും 370 കിലോമീറ്റർ അകലെയുള്ള ഷഹറെ കോർദിൽ പർവതത്തിനു മുകളിലാണ് വിമാനം തകർന്നു വീണ് കത്തിച്ചാമ്പലായതെന്ന് ഇറാൻ അധികൃതർ അറിയിച്ചു. സാഗറോസ് പർവത നിരകളിലാണ് വിമാനം വീണത്. താഴേക്കു പതിക്കുന്നതിനു മുമ്പായി വിമാനത്തിന്റെ എഞ്ചിനിൽ നിന്ന് പുക ഉയരുന്നതായി കണ്ടിരുന്നവെന്ന് ഗ്രാമീണരെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമീണർ അപകടസ്ഥലത്ത് ഓടിയെത്തിയെങ്കിലും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ല. ഡിഎൻഎ പരിശോധനയിലൂടെ മാത്രമെ ഇവരെ തിരിച്ചറിയാനാകൂവെന്നും ഇറാൻ ദുരന്തനിവാരണ സേന വക്താവ് മൊജ്തബ ഖാലിദി പറഞ്ഞു.
ഷാർജയിൽ നിന്ന് പറന്നുയർന്നയുടൻ തന്നെ വിമാനം 35,000 അടിയിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്. പിന്നീട് ഒരു മണിക്കൂറോളം പറന്ന ശേഷമാണ് പൊടുന്നനെ കൂപ്പുകുത്തിയതെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാർ24 വ്യക്തമാക്കുന്നു.
അപകടത്തിൽപ്പെട്ട വിമാനം ബൊംബാഡിയർ സിഎൽ604 വിമാനമാണെന്ന് തിരിച്ചറിഞ്ഞതായി ടർക്കിഷ് വാർത്താ ഏജൻസിയായ ഡൊഗൻ റിപ്പോർട്ടു ചെയ്യുന്നു. ബസാറൻ ഹോൾഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്ന് തുർക്കി ഗതാഗത മന്ത്രാലയവും അറിയിച്ചു. ബസാറൻ ഗ്രൂപ്പ് മേധാവിയുടെ മകളും കമ്പനി ബോർഡ് അംഗവുമായ 28കാരി മിന ബസാറൻ ദുബായിൽ പാർട്ടി ആഘോഷിക്കുന്നതായുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് മിന പോസ്റ്റ് ചെയത് ചിത്രങ്ങളിൽ ഈ വിമാനവും ഉൾപ്പെട്ടിരുന്നു. ഇതോടെ മിനയും കൂട്ടുകാരികളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് സംശയം.