റിയാദ് - ജവാസാത്തിൽ നേരിട്ട സാങ്കേതിക തടസത്തെ തുടർന്ന് മുടങ്ങിയ മൾട്ടിപ്ൾ റീ എൻട്രി വിസ പുതുക്കൽ സംവിധാനം വീണ്ടും നിലവിൽ വന്നു. കുറച്ചു ദിവസങ്ങളായി ഓൺലൈൻ വഴി വിസ പുതുക്കുന്നതിന് സാങ്കേതിക പ്രയാസം നേരിട്ടിരുന്നു. ഇതാണ് പരിഹരിച്ചത്. സൗദി അറേബ്യയിൽ മൾടിപ്ൾ സന്ദർശക വിസയിലെത്തി മൂന്നു മാസത്തിന് ശേഷം അബ്ശിർ ഓൺലൈൻ വഴി വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് പുതുക്കുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഇത്തരം തടസ്സം നേരിടുന്നവർ അബ്ശിറിലെ തവാസുൽ സേവനം വഴി ബന്ധപ്പെടണമെന്നും ഈ സംവിധാനം നിർത്തിയിട്ടില്ലെന്നും ജവാസാത്ത് അറിയിച്ചകാര്യം മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ നാലു ദിവസമായി അബ്ശിർ വഴി നേരിട്ട് മൾടിപ്ൾ സന്ദർശക വിസകൾ പുതുക്കിക്കിട്ടുന്നുണ്ടായിരുന്നില്ല. എന്നാൽ ഇത് സംബന്ധിച്ച ചോദ്യത്തിന് ഓൺലൈൻ വഴി പുതുക്കുമ്പോൾ തടസ്സമായി വരുന്ന സന്ദേശം സ്‌ക്രീൻഷോട്ട് എടുത്ത് അബ്ശിറിലെ ജവാസാത്ത് ഐകൺ ക്ലിക്ക് ചെയ്ത് തവാസുൽ സംവിധാനം വഴി അപേക്ഷ നൽകാനാണ് ജവാസാത്ത് ഡയറക്ടറേറ്റ് മറുപടി നൽകിയിരുന്നത്. ജവാസാത്ത് സേവനങ്ങൾക്ക് സാങ്കേതിക തടസ്സം നേരിടുമ്പോൾ ഓൺലൈൻ ആയി ബന്ധപ്പെടാനുള്ള സംവിധാനമാണ് തവാസുൽ.