Sorry, you need to enable JavaScript to visit this website.

രക്ഷാദൗത്യത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് അവഗണനയെന്ന് ഉക്രൈനില്‍നിന്നെത്തിയവര്‍

നെടുമ്പാശ്ശേരി- യുദ്ധഭൂമിയില്‍നിന്നു രക്ഷപ്പെട്ട് ഉക്രൈന്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ യാതൊരു സംവിധാനവും ഇല്ലെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് മൂലം നിരവധി മലയാളി വിദ്യാര്‍ഥികളാണ് ദുരിതമനുഭവിക്കുന്നതെന്നും അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇന്നലെ എത്തിയ ഉക്രൈനിലെ വിന്‍സിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ കാവ്യ, സോന തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ സഹായിക്കാനും വിമാനം കയറ്റിവിടാനും ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മലയാളി വിദ്യാര്‍ഥികളെ ഇവര്‍ അവഗണിക്കുകയാണ്. അവസരം കാത്ത് മൂന്നും നാലും ദിവസമായി കഴിയുന്നവര്‍പോലും അവിടെയുണ്ട്. 300 പേര്‍ കയറിയ വിമാനത്തില്‍ തങ്ങള്‍ രണ്ട് മലയാളികള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. മലയാളി വിദ്യാര്‍ഥികളെ സഹായിക്കാന്‍ അടിയന്തിരമായി പ്രത്യേക സംഘത്തെ അയക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഭക്ഷണത്തിന് കാര്യമായ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും എന്നാല്‍ മൈനസ് ഡിഗ്രി തണുപ്പില്‍ മേല്‍ക്കൂരപോലും ഇല്ലാത്ത ഇടങ്ങളിലാണ് ദിവസങ്ങളായി കഴിച്ചുകൂട്ടുന്നതെന്നുമാണ് ഇവര്‍ പറഞ്ഞത്. റുമേനിയന്‍ അതിര്‍ത്തിയിലാണ് മലയാളി വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഉക്രൈനില്‍നിന്നു 25 വിദ്യാര്‍ഥികള്‍കൂടി മടങ്ങിയെത്തി.  രാവിലെ 8.35 ന് ദല്‍ഹിയില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസ്താര വിമാനത്തില്‍ 23 പേരും ഉച്ചക്ക് 1.30 ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് വിദ്യാര്‍ഥികളുമാണ് ഉണ്ടായിരുന്നത്. ഇവര്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ എത്തിയതായിരുന്നു. മൂന്ന് ദിവസത്തിനിടെ 78 വിദ്യാര്‍ഥികളാണ് ഉക്രൈനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിമാത്രം കേരളത്തില്‍ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

 

Latest News