Sorry, you need to enable JavaScript to visit this website.

ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ മൃഗങ്ങളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ റിമാന്‍ഡില്‍

കൊല്ലം-ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്നു പശുവടക്കം മൃഗങ്ങളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയിലായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കടയ്ക്കല്‍ ഐരക്കുഴി സജീര്‍ മന്‍സിലില്‍ കമറുദീന്‍(62), മകന്‍ റജീഫ് 36), കൊച്ചാഞ്ഞിലിമൂട് രേഖഭവനില്‍ ഹിലാരി (42)എന്നിവരാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ആഴ്ച കുളത്തുപ്പുഴ പതിനൊന്നാംമൈല്‍ സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ വെടിവച്ചു കൊന്നു ഇറച്ചി കടത്തിയതോടെയാണ് പോലീസില്‍ പരാതി ലഭിക്കുകയും പുനലൂര്‍. ഡിവൈ.എസ്. പി.ബി വിനോദിന്റെ നേതൃത്വത്തില്‍ ഏരൂര്‍ പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവ ദിവസം പ്രദേശത്ത് കണ്ട ബൊലേറോ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
റജീഫ് ആണ് കേസിലെ മുഖ്യ കണ്ണി. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചു ഇത്തരത്തില്‍ മൃഗങ്ങളെ വേട്ടയാടി പലയിടങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് രീതി.
പിടിയിലായ മൂന്നുപേര്‍ കൂടാതെ കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യ പ്രതിയായ റജീഫില്‍ നിന്നും തോക്ക്, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നുവെന്ന വിവരം ലഭിച്ച റജീഫിന്റെ പിതാവ് തോക്ക് ഒളിപ്പിച്ചുവെങ്കിലും പോലീസ് കണ്ടെത്തുകയായിരുന്നു.
പിടിയിലായ ഹിലാരി റജീഫില്‍ നിന്നും നിരവധി തവണ ഇറച്ചി വാങ്ങിയിട്ടുണ്ട്. പ്രതികള്‍ ഹിലാരി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂടൂബ് ചാനല്‍ നടത്തുകയും ഇതിലൂടെ കുക്കറി ഷോ നടത്തുകയും ചെയ്ത് വരികയായിരുന്നു.
കടത്തി കൊണ്ടു വരുന്ന ഇറച്ചി വില്‍പ്പനക്ക് ചാനല്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ചാനല്‍ മറവിലാണ് സംഘം ഇറച്ചി കടത്തും മൃഗവേട്ടയും നടത്തി വന്നിരുന്നത്.

 

Latest News