റിയാദ് - ഹൂത്തി മിലീഷ്യകളെ ഭീകര സംഘമായി വിശേഷിപ്പിക്കുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കിയതിനെ സൗദി വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു. യെമനെതിരായ ആയുധ ഉപരോധം വിപുലീകരിക്കാനുള്ള സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനത്തെയും വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു. ആയുധ ഉപരോധത്തില്‍ മുഴുവന്‍ ഹൂത്തി അംഗങ്ങളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രത്യേകം നിര്‍ണയിച്ച വ്യക്തികള്‍ക്കും കമ്പനികള്‍ക്കും മാത്രമായിരുന്നു ആയുധ ഉപരോധം ബാധകം.
ഹൂത്തികളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും, അവരെ പിന്തുണക്കുന്നവര്‍ക്കും തടയിടാന്‍ യു.എന്‍ രക്ഷാ സമിതി പ്രമേയം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഹൂത്തി മിലീഷ്യകള്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനും ഭീകരര്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും പണവും നല്‍കുന്നത് നിര്‍ത്താനും ഇത് സഹായിക്കും. യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കാനും സൗദിയിലും യു.എ.ഇയിലും സാധാരണക്കാരെയും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താനും യെമനില്‍ രക്തച്ചൊരിച്ചില്‍ നടത്താനും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കാനും അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്താനുമാണ് ഹൂത്തികള്‍ക്ക് ഇറാന്‍ പണം നല്‍കുന്നത്. ഗള്‍ഫ് സമാധാന പദ്ധതിക്കും യു.എന്‍ 2216-ാം നമ്പര്‍ പ്രമേയത്തിനും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും അനുസൃതമായി യെമന്‍ സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാന്‍ ശ്രമിച്ച് യെമനിലേക്കുള്ള യു.എന്‍ ദൂതന്‍ അടക്കമുള്ളവര്‍ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
ഹൂത്തികളെ ആദ്യമായി ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ഉപരോധ പട്ടികയില്‍ ഹൂത്തികളെ ഉള്‍പ്പെടുത്തുകയും അവര്‍ക്കെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിനെ യു.എ.ഇയും സ്വാഗതം ചെയ്തു. സൗദിയിലും യു.എ.ഇയിലും സാധാരണക്കാര്‍ക്കും പശ്ചാത്തല സൗകര്യങ്ങള്‍ക്കും നേരെ അതിര്‍ത്തി കടന്ന് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളെ യു.എ.ഇ അപലപിച്ചു. ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ ഹൂത്തികള്‍ ഉടനടി അവസാനിപ്പിക്കണം.
ഹൂത്തി ഭീകരരുടെ സൈനിക ശേഷി പരിമിതപ്പെടുത്താനും യെമന്‍ സംഘര്‍ഷം രൂക്ഷമാകാതെ തടയാനും, സിവിലിയന്‍ കപ്പലുകള്‍ക്കു നേരെയുള്ള ഹൂത്തികളുടെ ആക്രമണങ്ങളും ആഗോള വ്യാപാരത്തിനും കപ്പല്‍ ഗതാഗതത്തിനുമുള്ള ഭീഷണി വിലക്കാനും, യെമനിലും മേഖലയിലും സാധാരണക്കാരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനും യു.എന്‍ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതായി ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ സ്ഥിരം പ്രതിനിധിയും അസിസ്റ്റന്റ് വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രിയുമായ ലാനാ നുസൈബ പറഞ്ഞു. യു.എന്‍ മേല്‍നോട്ടത്തില്‍ യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ഏക പോംവഴിയെന്നും ലാനാ നുസൈബ പറഞ്ഞു.