റിയാദ് - കേടായതിനാലും മറ്റും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതും ജീർണാവസ്ഥയിലുള്ളതുമായ വാഹനങ്ങൾ ട്രാഫിക് ഡയറക്ടറേറ്റിന്റെ രേഖകളിൽ നിന്ന് ഒഴിവാക്കാനുള്ള ഇളവുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇളവുകൾ ഒരു വർഷക്കാലം നിലവിലുണ്ടാകും. ഇത്തരം വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ മുന്നോട്ടുവവരുന്നവരെ വാഹന രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ്, രജിസ്‌ട്രേഷൻ പുതുക്കാൻ വൈകിയതിനുള്ള പിഴകൾ എന്നിവയിൽ നിന്ന് ഒഴിവാക്കും.
ഇത്തരം വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ, രജിസ്‌ട്രേഷൻ റദ്ദാക്കുന്ന പഴയ വാഹനങ്ങൾ പൊളിച്ച് ആക്രിയാക്കി വിൽക്കാൻ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് കൈമാറുകയും ഇത് സ്ഥിരീകരിക്കുന്ന രേഖയും നമ്പർ പ്ലേറ്റുകളും വെഹിക്കിൾ രജിസ്‌ട്രേഷൻ കാർഡും അതത് പ്രവിശ്യകളിലെ ട്രാഫിക് ഡയറക്ടറേറ്റിൽ സമർപ്പിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.