ചാറ്റൽമഴയിൽ നനഞ്ഞ് കുട പോലും നിവർത്താതെ ചെളിവെള്ളം യൂണിഫോമിലേക്ക് തെറിപ്പിച്ച് സ്‌കൂളിൽ നിന്നും വരുന്ന എന്റെ കുട്ടിക്കാലം. മഴയുടെ ഗന്ധമൊന്നും അന്ന് ആസ്വദിച്ചിട്ടില്ലയെങ്കിലും പുതുമണ്ണിനെ മഴത്തുള്ളികൾ നനയ്ക്കുമ്പോൾ ആസ്വാദ്യമാകുന്ന ഗന്ധം എനിക്കെന്നും പ്രിയങ്കരം. അന്ന് പെയ്ത മഴകളാണ് എനിക്ക് മറ്റാരെയും ശ്രദ്ധിക്കാതെ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. തറവാടിനോട് ചേർന്നുള്ള കുളം കവിഞ്ഞൊഴുകുമ്പോൾ മണ്ണിരയെ തപ്പി നടക്കും. ചാറ്റൽമഴയിൽ നനഞ്ഞ്. അല്ലെങ്കിൽ മീൻവല നീളമുള്ള കമ്പിന്റെ അറ്റത്ത് ചുറ്റിക്കെട്ടി കുളത്തിലിടും. എന്നിട്ട് മാറി നിൽക്കും. വല അനക്കം ശ്രദ്ധിച്ച്..... അതിനായി ഒരു കൂട്ടം തന്നെയുണ്ട് തറവാട്ടിൽ. എന്റെ വലയിൽ ഒരു നീർക്കോലി കുടുങ്ങിയതോടെ മീൻപിടുത്തത്തിന് സമാപ്തിയിട്ടു, തറവാട്ടിലെ മുതിർന്നവർ.
അവിടെ പാടത്തിനോട് ചേർന്ന് ഒരു കൈവഴിത്തോടുണ്ട്. അലക്കാനുള്ള തുണികൾ വാരിക്കെട്ടി പോകുന്ന മുതിർന്നവരോടൊത്ത് ഞാനും പോകും. ആ തോട്ടിൽ നീന്താൻ മാത്രം ഞാൻ പഠിച്ചില്ല. പകരം കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിൽക്കും, പാടാനുള്ള കഴിവ് എനിക്ക് കിട്ടിയെങ്കിൽ എന്നു കൊതിച്ചുതന്നെ. അന്നൊക്കെ രാത്രിമഴയുടെ കൊയ്ത്ത് ഞാൻ അളക്കുന്നത് കിണറിലെ വെള്ളത്തിന്റെ വലിപ്പം നോക്കിയായിരുന്നു. കിണറിന്റെ തൊടി കയറി അതങ്ങനെ പൊങ്ങിവരും. തൊട്ടി കിണറിൽ മുക്കി ഉമ്മിച്ചി വെള്ളം കോരി എടുക്കുമ്പോൾ എന്റെ ചോറ്റുപാത്രം കൊണ്ട് ഞാനും കിണറിലേക്ക് എത്തിനോക്കും.
എന്റെ വീട്ടിലൊരു പേരമരം ഉണ്ട്. എന്റെ വില്ലത്തരത്തിന്റെ അവസാനമെത്തുക അതിന്റെ മുകളിൽ കയറിയിട്ടാണ്. ഉമ്മിച്ചിയുടെ അടി ഭയന്നോടി ഞാൻ അതിൽ വലിഞ്ഞുകയറി ഇരിക്കാറുണ്ട്. ഇറങ്ങണമെങ്കിൽ ആരെങ്കിലും താഴെ നിന്നും പിടിക്കണം. ഒരിക്കൽ പേരമരത്തിൽ വലിഞ്ഞുകയറിയ എന്നെ താഴെയിറക്കാൻ ആരുമെത്തിയില്ല. അന്ന് ചെറിയ ചെറിയ തുള്ളികളായി വന്ന് ക്രമാതീതമായി എണ്ണം കൂടി മുടിയിലൂടെ ഒഴുകിയിറങ്ങിയ മഴത്തുള്ളികൾക്ക് ശക്തി പ്രാപിച്ചപ്പോൾ ദേഹമാസകലം മുള്ളു കുത്തുംപോലെ. ഞാൻ ആദ്യമായി മഴയുടെ തീക്ഷ്ണത അറിഞ്ഞതപ്പോഴാണ്. കണ്ണിറുക്കിയടച്ച് ആ പേരമരത്തിലിരുന്നുകൊണ്ട് ഞാനറിഞ്ഞ മഴ.
മഴയുടെ ആത്മാവിനെ തൊട്ടറിഞ്ഞ നിമിഷങ്ങൾ...........
എന്റെ ജീവിതത്തിലെ രസകരമായ മഴയോർമ്മയുടെ തുടക്കം ഇത് തന്നെയാണ്. ഞാനും പ്രകൃതിയുമായി ഇഴുകിച്ചേർന്നപോലെ, അടിമുടി നനഞ്ഞുകൊണ്ട് ഞാൻ പേരമരത്തെ ഇറുകെപ്പിടിച്ചു. അന്നെനിക്ക് കുറെ വഴക്ക് കേട്ടു. പനി പിടിക്കുമെന്ന മുന്നറിയിപ്പും. അന്ന് ഞാനും മഴയും ചേർന്ന് ഒരു അലിഖിത നിയമം ഉണ്ടാക്കി. എനിക്കൊരിക്കലും മഴ നനഞ്ഞ് പനി പിടിക്കില്ല എന്ന സ്വയം ഉറപ്പിൽ ഞാൻ മഴ അറിഞ്ഞ് തന്നെ ജീവിച്ചു.
പിന്നീട് പെയ്ത മഴയ്ക്ക് ഞാൻ പ്രണയഭാവന കൊടുത്തത് എന്റെ കോളേജ് കാലഘട്ടത്തിലാണ്. ഹോസ്റ്റലിന്റെ മുകൾ നിലയിൽ നിവർന്ന് കിടന്ന് ഞാൻ മഴ അറിഞ്ഞിട്ടുണ്ട്. ഒരു കാമുകന്റെ കരസ്പർശത്തിന്റെ കരുത്തും ലാളനയും അറിയാനായി......... എന്റെ ആത്മാവിനെ മഴ തൊട്ടറിഞ്ഞത് അപ്പോഴായിരുന്നു.
പ്രണയവിരഹത്തിന്റെ തീവ്രത അറിയാൻ പിന്നീട് രാത്രിമഴയുടെ ഇരുളിൽ ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു.
പിന്നീടെപ്പോഴൊക്കെയോ പ്രണയം ഒരു രൗദ്രഭാവം പൂണ്ട് എന്നിലേക്കിറങ്ങിയപ്പോൾ ഞാൻ മഴയിലേക്കിറങ്ങി ച്ചെന്നു. അകവും പുറവും എരിയുന്ന ചൂടിനെ തണുപ്പിക്കാൻ.....
എന്റെ പ്രണയം രാത്രിമഴയുടെ നിലയ്ക്കാത്ത തേങ്ങലായിരുന്നു.
ജീവിതത്തിൽ ഭാര്യയുടെ വേഷത്തിൽ എത്തിയപ്പോൾ ഞാൻ മഴയെ പലപ്പോഴും അവഗണിച്ചു എന്നതാണ് സത്യം. വീണ്ടും എന്നെ തൊട്ടുണർത്താൻ ഒരു വേലിയേറ്റം പോലെ കടലിൽ പെയ്യുന്ന മഴയുടെ താളവും ഭംഗിയുമായി എന്നിലേക്ക് മഴ വീണ്ടും വന്നു. വിവാഹശേഷം ഒരു വർഷത്തോളം ഞാൻ മാലിദ്വീപിലായിരുന്നു.
നീലത്തിരയുടെ താളങ്ങളിൽ സംഗീതം പോലെ മനോഹരമായി പെയ്തിറങ്ങുന്ന മഴയുടെ വശ്യത ശരിക്കും കണ്ടു ഞാൻ അനുഭവിച്ചിരുന്നു. വളരെ ചെറിയ രാജ്യമായ മാലിയുടെ തീരങ്ങളെ കടലും മഴയും മത്സരിച്ച് നനയ്ക്കുമ്പോൾ എന്റെ ഭർത്താവിനോടൊപ്പം കൂടെ നനഞ്ഞ് ഞാനും ബീച്ചിലിരുന്നു. അഞ്ചു കിലോ മീറ്റർ ചുറ്റളവിൽ മാലിദ്വീപിൽ ബൈക്കിൽ മഴ നനഞ്ഞ് യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചകളിൽ മാലിന്യകൂമ്പാരങ്ങളിൽ തിമിർക്കുന്ന മഴയുണ്ടാകില്ല, മൊബൈൽ പ്ലാസ്റ്റിക് കവറിൽ കെട്ടി ജീൻസിന്റെ പോക്കറ്റിൽ ഭദ്രമാക്കി ഇടവഴിയിലൂടെ മഴയിൽ കുതിർന്ന് ഗൗരവത്തിൽ നടന്ന് ഫ്‌ളാറ്റിൽ എത്തിയ ജീവിതത്തിലെ അപൂർവ്വ സുന്ദരനിമിഷങ്ങൾ സമ്മാനിച്ചത് തീർച്ചയായും ആ നാട്ടിൽ വെച്ചാണ്. മഴ പെയ്ത് തീർന്ന് വെയിലുദിച്ചാൽ പിന്നെ ചുട്ടുപൊള്ളുന്ന നാടാകും മാലിദ്വീപ്.
എവിടെ പെയ്താലും....... പെയ്തിറങ്ങിയാൽ പിന്നെ എനിക്കു വേണ്ടി ഉള്ളതാണ്.... എന്റെ മാത്രമാണ്.... അതൊരു തിരിച്ചറിവായപ്പോൾ പിന്നീട് പെയ്തിറങ്ങിയവയെല്ലാം എന്റേതാക്കി ഞാൻ ആസ്വാദ്യകരമാക്കി.
എനിക്കൊരു കുഞ്ഞുണ്ടായത് ജൂൺ മാസത്തിലാണ്. പുറത്ത് ഇടിവെട്ടിപ്പെയ്യുന്ന മഴയും പ്രസവ ശുശ്രൂഷയിൽ ഞാനും..... എന്റെ മോളും.... ഒരു പുതപ്പിനടിയിൽ ചേർന്ന് കിടന്ന നിമിഷങ്ങൾ..... മഴക്കാലത്തെ പ്രസവശുശ്രൂഷ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കും. എണ്ണ തേച്ച് കുളി കഴിഞ്ഞ് ചൂടൻ കരുപ്പെട്ടി കാപ്പിയും കുടിച്ച് കട്ടിലിൽ മോളെയും ചേർത്ത് പിടിച്ച് കിടന്ന് മഴയുടെ താളം ആസ്വദിച്ച നിമിഷങ്ങൾ. പിന്നീടുള്ള ജൂൺ മാസ പേമാരികളുടെ ഓർമ്മകൾക്ക് എനിക്കെന്റെ മോളുടെ ഗന്ധമാണ് തോന്നിയത്. മഴയിലിറങ്ങി മുഖത്തേക്ക് ചിന്നിച്ചിതറി വീഴുന്ന മഴത്തുള്ളികളെ ഒപ്പിയെടുക്കാതെ ഞാൻ മഴയെ സ്വയംവരിക്കുമ്പോൾ അടുക്കള വാതിലിൽ പിടിച്ചൊരു കുഞ്ഞുമുഖം എനിക്ക് കാവലിരിക്കും. അവളുടെ മുഖത്ത് വിരിയുന്ന വിസ്മയവും മഴയിലേക്ക് ഇറങ്ങാനുള്ള വെമ്പലും കാണുമ്പോൾ ഞാനെന്ന അമ്മ അവളെ വിലക്കും.
വേണ്ട മോളെ, കുറച്ചു കൂടി കഴിയട്ടെ. നമുക്ക് ഒരുമിച്ച് പിന്നീട്.
വളരെക്കാലത്തിനു ശേഷം ഞാൻ ഒരിക്കൽ മഴയിൽ കരഞ്ഞിറങ്ങി നടന്നു. ആത്മസുഹൃത്തിന്റെ മരണവാർത്ത അറിഞ്ഞ നിമിഷത്തിലെ ഞെട്ടലിൽ ഞാൻ നിന്നപ്പോൾ പുറത്ത് പെട്ടെന്ന് ആർത്തിരമ്പി മഴ... റെയിൻകോട്ടിൽ എന്റെ ടുവീലറിൽ ഞാൻ കുറെ നേരം അറിയാത്ത ഇടവഴികളിലൂടെ മഴയോടൊപ്പം തന്നെ ആർത്തിരമ്പി.....
തണുത്ത് വിറങ്ങലിച്ച് നനഞ്ഞൊട്ടിയ വസ്ത്രത്തോടെ നിന്നപ്പോൾ എന്നോട് മഴയെപ്പറ്റി മാത്രം സംസാരിക്കുന്ന അവളോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഓർമ്മയിൽ മിന്നി മറഞ്ഞു.
ആ വാരാന്ത്യത്തിൽ പെയ്ത മഴയിൽ ഞാൻ ഇലക്ട്രിക് ഷോക്കടിച്ചുവീണതും ആ ആത്മബന്ധത്തിന്റെ തീവ്രതയിൽ തന്നെയാണ്.
ഈയിടെയായി അധികവും നനയുന്നത് നൂലു പോലുള്ള മഴയാണ്. എന്റെ വണ്ടിയിൽ അമിതവേഗത്തിൽ മഴയുടെ ആത്മാവിനെ ആവാഹിച്ചു യാത്ര ചെയ്യാറുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ അത് ഭ്രാന്താണെങ്കിലും ഞാൻ ആ പ്രയോഗം ശ്രദ്ധിക്കാറില്ല.
എങ്കിലും ഇനിയും മനസ്സിൽ കൊണ്ടു നടക്കുന്ന ചില ആഗ്രഹങ്ങളുണ്ട്. പാതിരാമഴയിൽ വിജനമായ വഴിയിലൂടെ എനിക്ക് നടക്കണം. ഇടക്കിടെ വീഴുന്ന കൊള്ളിയാനിൽ ഞെട്ടി വിറച്ച്.....
കാട്ടിൽ പെയ്യുന്ന മഴയെ അറിയണം. മുളങ്കെട്ടിനുള്ളിലെ ഏകാന്തതയിൽ മഴയിലെ കാടിന്റെ ഗന്ധവും ശബ്ദവും ആസ്വദിക്കണം.....
തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ പെയ്യുന്ന മഴയിൽ (ഇനി പെയ്യുമെങ്കിൽ) നനഞ്ഞ് നനഞ്ഞ്.... കുതിർന്ന് കുതിർന്ന്... ഊർന്നിറങ്ങുന്ന മഴത്തുള്ളികളിൽ എന്നെ ഒളിപ്പിച്ച് എന്റെ വാർധക്യത്തെ സമ്പൂർണമാക്കണം.
മഴയോർമ്മകളോടൊപ്പം തോരാതെ പെയ്യുന്നു ഈ മോഹത്തിന്റെ കരിമേഘങ്ങൾ..