വായന
അതിരുകൾ താണ്ടി, കടലുകളും മരുക്കാടുകളും ഭൂഖണ്ഡങ്ങളും പിന്നിട്ട് നമ്മുടെ തലമുറകൾ തുടരുന്ന ദേശാടനങ്ങളുടെ കൂടി സൃഷ്ടിയാണ് ഈ നാട്.
കേരളത്തെ ഈ വിധം സത്യസന്ധമായി അടയാളപ്പെടുത്തുന്നത് പ്രവാസി സമൂഹത്തിൽ നിന്ന് എന്തെങ്കിലും പ്രത്യേക പരിഗണന ആവശ്യമുള്ള പദവിയിലിരിക്കുന്ന ഒരാളൊന്നുമല്ലെന്നോർക്കണം. പി.ആർ.ഡി പ്രസിദ്ധീകരിച്ച പ്രൗഢ സ്മരണികയുടെ ചുരുക്കം വരികളിലുള്ള മുഖക്കുറിപ്പിൽ പ്രവാസിയെ പുത്തൻ കാലത്തെ ഭരണ സംവിധാനവും ഏത് വിധത്തിൽ ഉൾക്കൊള്ളുന്നുവെന്ന് എടുത്തു പറഞ്ഞു തരുന്നുണ്ട്.
ലോക കേരള സഭയുടെ ആദ്യ വേദിയിലെ പ്രതിനിധികളുടെ കൈകളിലേക്ക് കേരള വിവര പൊതുജന സമ്പർക്ക വകുപ്പ് ആദര പൂർവ്വം കൈമാറിയ സ്മരണിക പ്രവാസ ലോകത്തിന് സമർപ്പിച്ച ലക്ഷണമൊത്ത അക്ഷരോപഹാരമാണ്. രൂപകൽപന, ഉള്ളടക്കം എന്നിവയിലെല്ലാം ലോകത്തിന് മുന്നിൽ സമർപ്പിക്കാവുന്ന വിധം ഗുണമേന്മ നില നിർത്താൻ സാധിച്ചതിൽ, വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ ഡയരക്ടറും സ്മരണികയുടെ ചീഫ് എഡിറ്ററുമായ ടി.വി സുഭാഷി (ഐ.എ.എസ്) നും കർമ്മോത്സുകരായ സഹപ്രവർത്തകർക്കും അഭിമാനിക്കാം. നല്ല മാർഗ നിർദ്ദേശവും, അത് നടപ്പാക്കാൻ കെൽപുള്ള ഉദ്യോഗസ്ഥ വിഭാഗവുമുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങൾക്കും സാധ്യമാണ് എന്നവർ അനുദിനം തെളിയിച്ചു വരുന്നു. അത്തരത്തിലൊന്നായാണ് നവംനവങ്ങളായ കാഴ്ചപ്പാടുള്ള യുവനിരയാൽ സമ്പന്നമായ വിവര പൊതു ജനസമ്പർക്ക വകുപ്പിന്റെ ഇത്തരം നേട്ടങ്ങളെന്നും കാണേണ്ടതുണ്ട്.

കേരളം ഉണ്ടായത് ഭൂമി ശാസ്ത്ര അതിരുകളിൽ നിന്ന് മാത്രമല്ല എന്ന വലിയ തിരിച്ചറവിൽ നിന്നാണ് പ്രവാസി സമൂഹത്തോടുള്ള ഭരണകൂട പരിഗണന വളർന്നു വലുതായി തുടങ്ങിയത്. അത്തരമൊരു മാറ്റം വളരെ സമീപസ്ഥമായുണ്ടായതാണ്. അടുത്ത കാലം വരെ ഉദ്യോഗസ്ഥ സമൂഹത്തിനൊക്കെ പ്രവാസി എത്രയോ അന്യനായിരുന്നു. മനസ്സറിഞ്ഞ ആ മാറ്റത്തിന്റെ പ്രഖ്യാപനമെന്നോണം യാഥാർഥ്യമായ ലോക കേരള സഭയുടെ ആത്മാവിലിറങ്ങുന്ന വരികളാണ് പി.ആർ.ഡി ഡയരക്ടർ ടി.വി സുഭാഷ് സ്മരണികയുടെ ആമുഖത്തിൽ കുറിച്ചിട്ടിരിക്കുന്നത്. അതിങ്ങനെ വായിക്കുക ;
അതിരുകൾ താണ്ടി, കടലുകളും മരുക്കാടുകളും ഭൂഖണ്ഡങ്ങളും പിന്നിട്ട് നമ്മുടെ തലമുറകൾ തുടരുന്ന ദേശാടനങ്ങളുടെ കൂടി സൃഷ്ടിയാണ് ഈ നാട് . കേരളത്തെ ഈ വിധം സത്യസന്ധമായി അടയാളപ്പെടുത്തുന്നത് പ്രവാസി സമൂഹത്തിൽ നിന്ന് എന്തെങ്കിലും പ്രത്യേക പരിഗണന ആവശ്യമുള്ള പദവിയിലിരിക്കുന്ന ഒരാളൊന്നുമല്ലെന്നോർക്കണം. പി.ആർ.ഡി പ്രസിദ്ധീകരിച്ച പ്രൗഢ സ്മരണികയുടെ ചുരുക്കം വരികളിലുള്ള മുഖക്കുറിപ്പിൽ പ്രവാസിയെ പുത്തൻ കാലത്തെ ഭരണ സംവിധാനവും ഏത് വിധത്തിൽ ഉൾക്കൊള്ളുന്നുവെന്ന് എടുത്തു പറഞ്ഞു തരുന്നുണ്ട്. അതിങ്ങനെ: പ്രവാസി കേരളീയനു വേണ്ടി ആദ്യമായി കേരളം ഒരുക്കുന്ന അർഥവത്തായ വേദിയാണ് ലോക കേരള സഭ. പ്രവാസികളുടെ എല്ലാ നേട്ടങ്ങളും സ്വീകരിച്ചു വളർന്ന കേരളം ഒടുവിൽ പ്രവാസിയെ തന്നെ സ്വീകരിക്കാൻ ഇരു കരങ്ങളും മാത്രമല്ല, ഹൃദയം തന്നെ നീട്ടുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനം. ഈ വേളയിൽ, വ്യത്യസ്ത മേഖലകളിൽ കേരളത്തിന്റെ അഭിമാനമുയർത്തി നിലകൊള്ളുന്ന മഹത്തുക്കളെ അണി നിരത്തി ഒരു സ്മരണിക പുറത്തിക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ട്. എന്നെഴുതിയതിലെ നിറഞ്ഞ ആത്മാർഥത മനോഹരമായ പുറംചട്ടയിൽ 110 പേജിലിറങ്ങിയ സ്മരണികയിലുടനീളം അക്ഷരങ്ങളായും മനോഹര ചിത്രങ്ങളായും നിറയുന്നു. ചട്ടപ്പടി മാത്രം കാര്യങ്ങൾ നടക്കുന്ന ഇടം മാത്രമല്ല സർക്കാർ സംവിധാനമെന്നും സർഗാത്മകതക്കും വലിയ സാധ്യതകളുണ്ടെന്നുമുള്ള യാഥാർഥ്യത്തിന്റെ ലളിതമെങ്കിലും കുലീനമായ വിളംബരം കൂടിയാണ് ഇത്തരം സാംസ്‌കാരിക കാൽവെപ്പുകൾ.
കേരളം ഇന്ന് ലോക വ്യാപകമായി പടർന്ന് വ്യാപിക്കുന്ന സംസ്‌കാരമായി മാറിയിട്ടുണ്ടെന്നാണ് സ്മരണികയിലെ ആദ്യ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു വെക്കുന്നത്.
മലയാളി പ്രവാസത്തെ ഒരു പുഴയനുഭവത്തോടാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തന്റെ ലേഖനത്തിൽ ഉദാഹരിക്കുന്നത്. കടലിൽ ചേരുമ്പോഴും മലയുമായുള്ള അതിന്റെ പൊക്കിൾകൊടി ബന്ധം അവസാനിക്കുന്നില്ലെന്ന് പ്രവാസി സമൂഹത്തിന്റെ നിറ സാന്നിധ്യമുള്ള നാടിന്റെ പ്രതിനിധി കൂടിയായ സ്പീക്കർ കുറിച്ചിടുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി ഡോ.തോസ് ഐസക്, ഡോ.ശശി തരൂർ, ടി. പി.ശ്രീനിവാസൻ, കവി പ്രഭാ വർമ്മ, വേണു രാജാമണി, ഡോ. കെ.എൻ. ഹരിലാൽ, കെ.ജയകുമാർ, ബെന്യാമിൻ, ഓംചേരി എൻ.എൻ പിള്ള, ഇരുദയ രാജൻ എസ്, ഡോ.എം.വി പിള്ള,ഡോ.എം.ബീന (ഐ.എ.എസ്) മുരളിതുമ്മാരുകുടി എന്നിവരെല്ലാം അവരവരുടെ മേഖലയിലെ ചിന്ത ലോകത്തെങ്ങുമുള്ള പ്രവാസികളുമായി പങ്ക് വെക്കുന്നുണ്ട്.
സഞ്ചരിച്ച ആറ് ഭൂഖണ്ഡങ്ങളിലും മലയാളികൾ നടത്തുന്ന സാംസ്‌കാരിക പരാഗണമാണ് മലയാള സാഹിത്യത്തിന്റെ തലയെടുപ്പുകളിലൊന്നായ സച്ചിദാനന്ദൻ ലേഖന വിഷയമാക്കുന്നത്. മലയാള ഭാഷ, മലയാളിയുടെ വീക്ഷണങ്ങൾ, കലകൾ, സാഹിത്യം, ആഘോഷങ്ങൾ ഇവയൊക്കെ ഇവർ മറ്റ് നാടുകളിൽ പുനഃസൃഷ്ടിക്കുന്നു. അങ്ങനെ അനേകം കേരളങ്ങൾ ഇന്ന് ലോകത്തുണ്ടെന്ന് ലോകം കണ്ട അനുഭവങ്ങളാൽ മാറ്റുരച്ച് അദ്ദേഹം നിരീക്ഷിക്കുന്നു.
'മരുഭൂമിയിൽ മലയാൺമയുടെ മലർവാടികൾ ' എന്ന മുസാഫിറിന്റെ ലേഖനം സൗദി അറേബ്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിന പത്രത്തിന്റെ ന്യൂസ് എഡിറ്റർ എന്ന കുറിപ്പോടെയാണ് ചിത്രങ്ങളടക്കം ഏഴ് പേജുകളിലായി നൽകിയിട്ടുള്ളത്. മാതൃഭാഷാ പോഷണത്തിനായി മലയാളികൾ ചെയ്യുന്ന കാര്യങ്ങളാണ് പതിറ്റാണ്ടുകളുടെ ഗൾഫനുഭവത്തിന്റെ സാംസ്‌കാരിക പരിസരത്ത് നിന്ന് മുസാഫിർ എടുത്തെഴുതുന്നത്.
സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയെന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ പ്രസാധക ഗ്രൂപ്പ് പതിനെട്ട് വർഷം മുമ്പാരംഭിച്ച മലയാളം ന്യൂസ് എന്ന സമ്പൂർണ ദിനപത്രം സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും മലയാളി ജീവിതത്തിന്റെ ആധികാരിക ശബ്ദമായി മുന്നേറുന്നുവെന്ന വാക്കുകൾക്ക് ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ തങ്കത്താളുകളിൽ അച്ചടി മഷി പുരണ്ടപ്പോൾ ആദരിക്കപ്പെട്ടത് കേരള പൊതുജനസമ്പർക്ക വകുപ്പും അതു വഴി ജനാധിപത്യ ഭരണകൂടവുമായിരിക്കും. കേരളത്തിൽ 100 വീടുകളെടുത്താൽ അവയിൽ 30 ഓളം പ്രവാസി മലയാളികളും പതിനാറോളം പ്രവാസി ജീവിതം അവസാനിപ്പിച്ചു വന്നവരുമാണെന്ന നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജാഫർ മാലി (ഐ.എ.എസ്) ക്കിന്റെ കുറിപ്പിലെ വാക്കുകൾ കേരളം എത്രമാത്രം പ്രവാസികളുടെ മാത്രം നാടാണെന്ന് ആധികാരികമായി അടയാളപ്പെടുത്തുന്നുണ്ട്. പുതിയ നൂറ് നൂറ് വഴികൾ തുറക്കുന്ന ആശയ പ്രപഞ്ചമായാണ് ലോക കേരള സഭയെയും അനുബന്ധ കാര്യങ്ങളെയും കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞിമുഹമ്മദ് തന്റെ ലേഖനത്തിൽ വിലയിരുത്തുന്നത്.
ഉറപ്പായും കേരള ചരിത്രത്തിന്റെ ഭാഗമായി മാറാൻ പോകുന്ന, മലയാളി ജീവിതത്തിന്റെ പുതുചരിത്രമെഴുതുന്ന സംരംഭമായിത്തീർന്ന ലോക കേരള സഭ സ്മരണികയുടെ ചീഫ് എഡിറ്റർ ടി.വി. സുഭാഷി (ഐ.എ.എസ്) ന്റെ സംഘത്തിൽ പി.വിനോദ് (അഡി. ചീഫ് എഡിറ്റർ), കെ.പി. സരിത (ഡെപ്യൂട്ടി ചീഫ് എഡിറ്റർ), നാഫിഹ് എം (എഡിറ്റർ) , അരുൺ എസ്.എസ്, ഇന്ദു ശേഖർ കെ.എസ് (അസിസ്റ്റന്റ് എഡിറ്റർ), പ്രകാശ് വി.എസ് (ഡിസൈൻ), കെ.എസ്. ശൈലേന്ദ്രൻ (ഇംഗ്ലീഷ് വിഭാഗം എഡിറ്റർ), രാജേഷ് സി.ബോസ് (അസി.എഡിറ്റർ), അജ്ഞിത എ (അസി.ഇൻഫർമേഷൻ ഓഫീസർ), അനിൽ രാജ് (കവർ, ലേ ഔട്ട്), സഫീറ ആർ (ടൈപ്പ് സെറ്റിംഗ്), ദീപ കെ (സർക്കുലേഷൻ ഓഫീസർ) എന്നിവരും ദൗത്യ ബോധത്തോടെ പങ്കാളികളായി.