Sorry, you need to enable JavaScript to visit this website.

തിരുവല്ലം കസ്റ്റഡി മരണം; സമഗ്ര അന്വേഷണം വേണം-വി.ഡി സതീശൻ

തിരുവനന്തപുരം- തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചെന്നാണ് പോലീസ് വിശദീകരണം. എന്നാൽ ലോക്കപ്പ് മർദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത ഉടൻ പോലീസ് ക്രൂരമായി മർദ്ദിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തിൽ ലോക്കപ്പ് മർദ്ദനത്തെ തുടർന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്ക്കെടുക്കണം. 
സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവും പോലീസ് അതിക്രമങ്ങളും ജന ജീവിതത്തിന് വെല്ലുവിളിയായിട്ട് കാലങ്ങളായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യസ്ഥരായ പോലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.
 

Latest News