കൊച്ചി- സി.പി.എം സംസ്ഥാന സമ്മേളനത്തിന് നാളെ ുടക്കമാകുമ്പോള്‍ പാര്‍ട്ടിയിലെ എതിര്‍സ്വരങ്ങളെ ഏകോപിപ്പിക്കാനും ആര്‍ശ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കാനും വി.എസ്. ച്യുതാന്ദന്‍ ഉണ്ടാകില്ല. പാര്‍ട്ടി രൂപീകരണത്തിന് ശേഷം അച്യുതാനന്ദന്റെ സാന്നിധ്യമില്ലാത്ത ആദ്യ സമ്മേളനമാണ് നടക്കുന്നത്.
അനാരോഗ്യം കാരണമാണ് വി.എസ് ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. 1964 ല്‍ സി.പി.ഐ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് മറ്റ് 31 പേര്‍ക്കൊപ്പം ഇറങ്ങി വന്ന് സി.പി.എമ്മിന് രൂപം കൊടുത്തത് മുതല്‍ ഇതുവരെ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനങ്ങളിലെല്ലാം നേതൃത്വത്തോട് ഇണങ്ങിയും കലഹിച്ചും വെല്ലുവിളിച്ചുമെല്ലാം വി.എസ് പങ്കെടുത്തിരുന്നു.
പാര്‍ട്ടിയില്‍ വിഭാഗീയതയുടെ പ്രശ്‌നം ഇത്തവണയില്ലെങ്കിലും പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ കാതലായ വിമര്‍ശനങ്ങള്‍ ഇത്തവണയും സമ്മേളനത്തില്‍ ഉയര്‍ന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതെല്ലാം ഒറ്റപ്പെട്ട സ്വരങ്ങളായി മാറും. ഇവരെ ഏകോപിപ്പിക്കാന്‍ അച്യുതാനന്ദനെ പോലെ ഒരു നേതാവ് രംഗത്തെത്തില്ല. അത് തന്നെയാണ് പിണറായിയും കോടിയേരിയും അടക്കമുള്ള പാര്‍ട്ടി നേതൃത്വത്തിന് സമ്മേളനത്തില്‍ ഏറ്റവും ആശ്വാസം പകരുന്നത്. എല്ലാം ഇവരുടെ കൈയില്‍ ഭദ്രമാണ്.
കുറച്ച് കാലങ്ങളായി സി.പി.എം സംസ്ഥാന സമ്മേളനങ്ങളെ രൂക്ഷമായ വാദപ്രതിവാദങ്ങളിലേക്കും ജനകീയ രാഷ്ട്രീയ ചര്‍ച്ചകളിലേക്കും കൊണ്ടുപോയിരുന്നത് വി.എസ്. അച്യുതാനന്ദന്റെ ഇടപെടലുകളായിരുന്നു. ശരിക്കും പറഞ്ഞാല്‍ 1992 മുതലാണ് അച്യുതാന്ദന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്. അതിനെ പാര്‍ട്ടിയിലെ വിഭാഗീയതയായി നേതൃത്വം വിലയിരുത്തിയതോടെ അദ്ദേഹം പാര്‍ട്ടി ശത്രുവും വര്‍ഗവഞ്ചകനുമായി മാറി.
പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്കൊപ്പം തന്നെ പാര്‍ട്ടിയിലെ അധികാര പ്രവണതയെയും വലതുപക്ഷ വ്യതിയാനങ്ങളെയും ജനവിരുദ്ധ സമീപനങ്ങളെയും അച്യുതാനന്ദന്‍ സമ്മേളനങ്ങളിലും മറ്റ് പാര്‍ട്ടി വേദികളിലും ഉയര്‍ത്തിക്കാട്ടിയതോടെ അദ്ദേഹത്തിന് പാര്‍ട്ടി വിമതര്‍ക്കിടയില്‍ വീരപരിവേഷമാണ് ലഭിച്ചിരുന്നത്. ഇത് തന്നെയായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ ഏറ്റവും വലിയ തലവേദനയും. 1980 മുതല്‍ 1992 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന അച്യുതാനന്ദന്‍ 1992 ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിമരുന്നിട്ടത്. അതിന് ശേഷം അച്യുതാന്ദന്‍ രണ്ടും കല്‍പ്പിച്ച് പാര്‍ട്ടിയുമായി പോരിനിറങ്ങുകയാണുണ്ടായത്.
പിന്നിട് 1998 ല്‍ പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തന്റെ എതിരാളികളായിരുന്ന സി.ഐ.ടി.യു വിഭാഗത്തെ പൂര്‍ണമായും വെട്ടിനിരത്തിയാണ് വി.എസ് ശക്തി തെളിയിച്ചത്. അന്ന് അദ്ദേഹത്തിന് കൂട്ടുനിന്നതാകട്ടെ പിന്നിട് അച്യുതാനന്ദന്റെ ഏറ്റവും വലിയ ശത്രുവായ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും. എന്നാല്‍ 2002 ല്‍ പാര്‍ട്ടി സമ്മേളനം കണ്ണൂരിലെത്തുമ്പോഴേക്കും അച്യുതാന്ദനെ വെട്ടി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇതോടെ വി.എസ്-പിണറായി പോരിലേക്ക് പാര്‍ട്ടി ഒന്നാകെ മാറി. പിന്നീട് കടുത്ത വിഭാഗീയതയിലേക്ക് പാര്‍ട്ടി കൂപ്പുകുത്തി. അച്യുതാനന്ദനും പിണറായിയും ഇരു വശത്തായി നിന്നുകൊണ്ട് അധികാരപ്പോര് ആരംഭിച്ചതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമെന്ന്‌പോലും സംശയമുയര്‍ന്നു. പാര്‍ട്ടിയിലെ വലതുപക്ഷ വ്യതിയാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വി.എസിന്റെ പ്രതിരോധം.
സി.പി.എമ്മിന്റെ ചരിത്രത്തില്‍ അധികാരപ്പോര് ഏറ്റവും രൂക്ഷമായ 2005 ലെ മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയന്‍ വി.എസിനെ പൂര്‍ണമായും വെട്ടി പാര്‍ട്ടിയെ തന്റെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിണറായിക്കെതിരെ വി.എസ് അന്ന് മത്സര രംഗത്തിറങ്ങുമെന്ന് സമ്മേളനത്തിന്റെ അവസാന നിമിഷം വരെ തോന്നലുണ്ടാക്കി. അങ്ങനെ വന്നാല്‍ വി.എസ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ട സ്ഥിതിയുണ്ടാകുമായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലാണ് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. പിളര്‍പ്പിന്റെ വക്കില്‍ നിന്നാണ് അന്ന് പാര്‍ട്ടി തിരിച്ചെത്തിയത്.
പിന്നീട് 2008 ല്‍ കോട്ടയത്തും 2012 ല്‍ തിരുവനന്തപുരത്തും നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ അച്യുതാനന്ദന്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് വലിയ തലവേദനയുണ്ടാക്കി. വി.എസ് .ഒറ്റുകാരനാണെന്നും വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നുമുള്ള വിവാദ പരാമര്‍ശം തിരുവനന്തപുരത്തെ സമ്മേളനത്തിലുണ്ടായി. പിന്നീട് 2015 ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലും ഔദ്യോഗിക നേതൃത്വത്തിനെതിരെ വി.എസ് വാളെടുത്തു. തന്റെ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായി തള്ളിയതോടെ സമ്മേളനത്തില്‍ നിന്ന് വി.എസ്.ഇറങ്ങിപ്പോവുകയും ചെയ്തു. പാര്‍ട്ടി പൂര്‍ണ്ണമായും പിണറായിയുടെ അധീനതയിലായതോടെ കൂടെ നിന്നവര്‍ പോലും വി.എസിനെ കൈവിട്ടു. വി.എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാര്‍ പോലും പിണറായി ചേരിയിലേക്ക് മാറിയതോടെ ഒറ്റപ്പെട്ട വി.എസ് 2018ലെ സമ്മേളനത്തില്‍ വലിയ വിവാദങ്ങള്‍ക്കൊന്നും വഴികൊടുക്കാതെ സമ്മേളനത്തില്‍ പങ്കെടുത്തു. ഏറെക്കാലത്തിനിടയ്ക്ക് വിഭാഗീയതയുടെ പ്രശ്‌നങ്ങളൊന്നും കൂടാതെ സി.പി.എം പൂര്‍ത്തിയാക്കിയ സമ്മേളനമായിരുന്നു തൃശൂരിലേത്.
ഇപ്പോള്‍ സമ്മേളനം എറണാകുളത്തെത്തുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വെല്ലുവിളികളൊന്നുമില്ല. പാര്‍ട്ടിയുടെ പല നിലപാടുകളിലും വിയോജിപ്പുള്ളവര്‍ നേതൃനിരയില്‍ തന്നെ ഉണ്ടെങ്കിലും അവരാരും തന്നെ വി.എസിന്റെ റോള്‍ ഏറ്റെടുക്കില്ല. ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉണ്ടായെന്ന് വരാം. അതിനെയെല്ലാം ചെറുക്കുന്നതിനും വിളച്ചിലെടുക്കുന്നവരെ അടിച്ചിരുത്താനുമുള്ള പൂര്‍ണ്ണമായ ശേഷി നേതൃത്വം കൈവരിച്ചിട്ടുണ്ട്. പിണറായിയും കോടിയേരിയും വരച്ച വരയിലൂടെ മാത്രമേ 23 ാം സംസ്ഥാന സമ്മേളനം മുന്നോട്ട് പോകുകയുള്ളൂ.