തിരുവനന്തപുരം- പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. തിരുവല്ലം ജഡ്ജിക്കുന്ന് സ്വദേശി സുരേഷിന്റെ മരണത്തിലാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസുകാരുടെ മര്‍ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വന്‍ ജനക്കൂട്ടമാണ് തിരുവല്ലം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, ഒരു കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് ഇവരെയെല്ലാം സ്റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ സുരേഷിനെ മര്‍ദിച്ചിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. രാത്രി പോലീസ് വാഹനത്തില്‍ കയറ്റുന്നതിന് മുമ്പ് മര്‍ദിച്ചിരുന്നതായും ഇവര്‍ പറയുന്നു. സുരേഷ് അസുഖബാധിതനല്ലെന്നും നെഞ്ചുവേദന വരാന്‍ സാധ്യതയില്ലെന്നും പോലീസിന്റെ മര്‍ദനമേറ്റാണ് യുവാവ് മരിച്ചതെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്.