ജിദ്ദ - മൂന്നു ദശകത്തിലേറെ കാലം നീണ്ട ഇടവേളക്കു ശേഷം സൗദിയില്‍ നിന്നുള്ള തായ്‌ലന്റ് വിമാന സര്‍വീസുകള്‍ക്ക് തുടക്കം. ദേശീയ വിമാന കമ്പനിയായ സൗദിയ ജിദ്ദയില്‍നിന്ന് ആദ്യ തായ്‌ലന്റ് സര്‍വീസ് നടത്തി. 32 വര്‍ഷത്തിനു ശേഷമാണ് സൗദിയ തായ്‌ലന്റ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. മെയ് ആദ്യത്തില്‍ തായ് എയര്‍വെയ്‌സിന്റെ സൗദി സര്‍വീസുകള്‍ക്കും തുടക്കമാകും. തായ്‌ലന്റ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാന്‍-ഒ-ച കഴിഞ്ഞ മാസം അവസാന വാരത്തില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും തീരുമാനമായത്.
ബാങ്കോക്ക് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ സര്‍വീസിന് സാക്ഷ്യം വഹിക്കാന്‍ സൗദിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജിദ്ദയിലെ തായ്‌ലന്റ് കോണ്‍സല്‍ ജനറല്‍ സൊരാജക് പുരനസമൃദ്ധിയും മാധ്യമപ്രവര്‍ത്തകരും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു. റിയാദില്‍ സ്റ്റോപ്പ് ഓവറോടെ ജിദ്ദയില്‍ നിന്ന് പ്രതിവാരം മൂന്നു സര്‍വീസുകള്‍ വീതമാണ് സൗദിയ ബാങ്കോക്കിലേക്ക് നടത്തുക. സൗദി, തായ്‌ലന്റ് ബന്ധത്തില്‍ പുതിയ അധ്യായം തുറക്കാനുള്ള ശേഷിയില്‍ സൗദി അറേബ്യ അഭിമാനിക്കുന്നതായി സൗദിയയില്‍ മാര്‍ക്കറ്റിംഗ്, പ്രൊഡക്ട് മാനേജ്‌മെന്റ് കാര്യങ്ങള്‍ക്കുള്ള വൈസ് പ്രസിഡന്റ് ഉസാം മുഹമ്മദ് അഖോന്‍ബായ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധങ്ങള്‍ 1990 ല്‍ വിച്ഛേദിക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ക്ക് പരിഹാരം കാണാന്‍ തായ്‌ലന്റ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനിടെ ധാരണയായിരുന്നു. സൗദി കൊട്ടാരത്തില്‍ നിന്ന് 90 കിലോ തൂക്കമുള്ള ആഭരണങ്ങള്‍ കവര്‍ന്ന് തായ്‌ലന്റ് തൊഴിലാളി സ്വദേശത്തേക്ക് രക്ഷപ്പെട്ടതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ തുടക്കം.