ഇക്കാലത്തെന്തായാലും അവശിഷ്ട സോവിയറ്റ് യൂനിയനിലും ഇതുപോലെയൊന്നും നടക്കില്ല. കാലവും ആധുനിക സംവിധാനങ്ങളും എല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഏത് രേഖയും പകർത്താൻ എല്ലാ മനുഷ്യരുടെയും കൈയിൽ ഇന്ന് ഉപകരണമുണ്ട്. മാറാത്തത് മനുഷ്യ മനസ്സ് മാത്രമാണ്.
മൂന്നര പതിറ്റാണ്ടിനിപ്പുറം ചെർണോബിൽ ആണവ നിലയം വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലെത്തിയിരിക്കുന്നു. 1986 ഏപ്രിൽ 26 നായിരുന്നു ചെർണോബിൽ ആണവ നിലയം പൊട്ടിത്തെറിച്ചത്. 36 പേർ തൽക്ഷണം മരിച്ചെന്ന് കമ്യൂണിസ്റ്റ് ഭരണകൂട ഇരുമ്പുമറ ഭേദിച്ച് വാർത്ത പുറത്ത് വന്നു. ആയിരക്കണക്കിന് ആളുകൾ ആണവ വികിരണം കാരണം തൊട്ടടുത്ത നാളുകളിൽ മരിച്ചു. ഇരുപത് മൈൽ ചുറ്റളവിൽ താമസിക്കുന്ന 1,35,000 മനുഷ്യരെ താമസ സ്ഥലത്ത് നിന്ന് മാറ്റി എന്നാണ് പിന്നീട് ലഭിച്ച വിവരം. ലക്ഷക്കണക്കിന് മനുഷ്യർ കാൻസർ രോഗികളായി. ഇതുകൊണ്ടൊന്നും ആണവ ഭീഷണി ഇല്ലാതായിട്ടില്ല. ഉക്രൈൻ യുദ്ധ സാഹചര്യത്തിൽ ആ നാട്ടിലെ ചെർണോബിൽ വീണ്ടും ചർച്ചയിലെത്തിയിട്ടുണ്ട്. 100 ടണ്ണിലധികം വരുന്ന ആണവ അവശിഷ്ടം ലോകത്തിന് ഭീഷണിയായി ചെർണോബിലിൽ നിലനിൽക്കുന്നു. ഇവയുടെ സംരക്ഷണത്തിൽ ഉണ്ടാകുന്ന ചെറിയൊരശ്രദ്ധ പോലും ലോകം ഇന്നും ഭീതിയോടെയാണ് നോക്കുന്നത്.
ഇത്രയധികം ഭീകരമായ ചെർണോബിൽ ദുരന്തം എടുത്തുപറഞ്ഞ് അന്നൊരിക്കൽ പി.എസ്. ശ്രീനിവാസനെ കളിയാക്കാനുളള അവസരം അദ്ദേഹം തന്നെ ഉണ്ടാക്കിക്കൊടുത്തതായിരുന്നു. റഷ്യയിൽ മഴ പെയ്യുമ്പോൾ വൈക്കത്തും അന്തിക്കാട്ടുമെല്ലാമുള്ള സി.പി.ഐക്കാർ കുട പിടിക്കുന്ന കമ്യൂണിസ്റ്റ് പുഷ്‌കല കാലമായിരുന്നു അത്. പാർട്ടിയും പ്രത്യയ ശാസ്ത്രവുമാണ് തങ്ങൾക്കേറ്റവും പ്രിയങ്കരം എന്ന് വിശ്വസിച്ചുറച്ച് ജീവിച്ച മനുഷ്യരുെട പ്രതിനിധിയായിരുന്നു പി.എസും. സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാൻ കഴിഞ്ഞെങ്കിൽ എന്തു ഭാഗ്യം ...എന്ന് സ്വപ്‌നം നെയ്യുന്നവർ ജീവിക്കുന്ന കാലം. അങ്ങനെയിരിക്കേ ഭോപാൽ ദുരന്തവുമായോ, ഏതോ പ്രകൃതിക്ഷോഭവുമായോ ബന്ധപ്പെട്ട് നിയമ സഭയിൽ സംസാരിക്കവേ സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂനിയനിലായിരുന്നുവെങ്കിൽ ഇതൊക്കെ നേരത്തെ അറിയാൻ ശാസ്ത്രീയ മാർഗങ്ങളുണ്ടായിരുന്നു. നമ്മുടേത് പോലുള്ള നാട്ടിൽ ഇതു വല്ലതും നടക്കുമോ എന്ന് പി.എസ് സോഷ്യലിസ്റ്റ് അഭിമാനത്താൽ തലയുയർത്തി സംസാരിച്ചിരുന്നു. ശരിയാണല്ലോ, നമ്മൾ സോവിയറ്റ് യൂനിയനിലായിരുന്നെങ്കിൽ എന്ന് കേൾക്കുന്നവർ ആശിച്ചു പോകുന്ന അവതരണം. ചെറിയ പ്രളയങ്ങൾ തുടങ്ങി എന്ത് വിഷയം വന്നാലും പിന്നെ ഇതു തന്നെയായി പ്രദേശിക സഖാക്കളുടെയും ന്യായീകരണം. സോഷ്യലിസ്റ്റ് നാടുകളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാവശ്യമായ വൈദ്യുതി യഥാസമയം അക്കൗണ്ടിലെത്തുമെന്ന സിനിമാ ഡയലോഗൊക്കെ ഈ ചിന്തയുടെ ഭാഗമായിരുന്നു. അങ്ങനെയിരിക്കേയാണ് ചെർണോബിൽ ദുരന്തമുണ്ടായത്. പിന്നെ പറയാനുണ്ടോ, കമ്യൂണിസ്റ്റുകാരെ പരിഹസിക്കാൻ കിട്ടുന്ന ഏതവസരവും ഫലപ്രദമായി ഉപയോഗിക്കാനറിയുന്നവർ പി.എസിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും നിരന്തരം പരിഹാസം കൊണ്ട് മൂടി.
ശരിക്കു പറഞ്ഞാൽ സോവിയറ്റ് യൂണിയന്റെ സംവിധാനം ലോകത്തിനൊപ്പം പി.എസിനെ പോലുള്ള മനുഷ്യരെയും വഞ്ചിക്കുകയായിരുന്നു. നടക്കുന്ന കാര്യങ്ങൾ യഥാസമയം ലോകം അറിഞ്ഞിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. 1986 ൽ സംഭവിച്ച അപകടം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ കൃത്യമായി ഡിസൈൻ ചെയ്യാത്ത റിയാക്ടർ ഉപയോഗിച്ചതുകൊണ്ടാണ് ഉണ്ടായത് എന്നാണ് കരുതുന്നത്. അവിടെയും ഏതോ ഒരു ഏകാധിപതി ജീവനക്കാർക്കുമേൽ ചെലുത്തിയ സമ്മർദം കാരണമായിട്ടില്ലെന്നാരു കണ്ടു. ഇതൊക്കെ പറയുമ്പോഴും ഇന്ത്യ ഉൾപ്പെടെയുള്ള നാടുകൾ ഇന്നും ഈ രംഗത്തൊക്കെ പരിശീലനം നേടുന്നത് അവശിഷ്ട സോവിയറ്റ് യൂനിയനിൽ തന്നെ. മിടുക്കിന്റെ കുറവൊന്നുമായിരുന്നില്ല അന്നത്തെ വിഷയം. ഏകാധിപത്യ ഉരുക്കുമുഷ്ടിയിൽ എല്ലാ നന്മകളും ഇല്ലാതായിപ്പോവുകയായിരുന്നു.
അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിനേക്കാൾ വലിയ റേഡിയേഷനാണ് ചെർണോബിൽ ദുരന്തം വഴി സംഭവിച്ചത്. യാതൊന്നും സംഭവിച്ചില്ലെന്നായിരുന്നു ദുരന്തത്തിനു ശേഷം സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി തുടർച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ആ പ്രചാരണത്തിന്റെ ആയുസ്സും റഷ്യൻ ഭാഷയിൽ നിന്ന് തർജമ ചെയ്യാതെ കിടന്ന രഹസ്യ രേഖകൾ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി എത്തിയതോടെ അറ്റുപോയി. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗങ്ങളുടെ വിവരങ്ങളാണ് ഇങ്ങനെ പരിഭാഷപ്പെടുത്തി പുറത്ത് വന്നത്. 1986 ൽ ചെർണോബിൽ ആണവ ദുരന്തത്തിനു ശേഷം ചേർന്ന അടിയന്തര യോഗങ്ങളിലെടുത്ത അതീവ രഹസ്യമായ രേഖകളായിരുന്നു ഇവ. ദേശീയ സുരക്ഷാ ആർക്കൈവ് ആണ് ഈ രേഖകളെല്ലാം തർജമ ചെയ്ത് ഇ-ബുക്കായി പ്രസിദ്ധീകരിച്ചത്. ലേഖനങ്ങൾ റഷ്യൻ മാധ്യമ പ്രവർത്തകയായ അല്ലാ യാരോഷിൻകായയാണ് സമാഹരിച്ചത്. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വിറ്റാലി വോരോത്‌നികോവിന്റെ ഡയറിയാണ് ഇവയിലെ പ്രധാന രേഖകളിലൊന്ന്. പോളിറ്റ് ബ്യൂറോ സെഷനുകളുമായി ബന്ധപ്പെട്ട് അനാറ്റോലി ചെർനിയേവ് എഴുതിയ നോട്ടുകളാണ് മറ്റൊന്ന്. യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങൾ, സി.ഐ.എയുടെ വിവരങ്ങൾ, ദേശീയ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇവയിലുൾപ്പെടുന്നുവെന്നാണ് അടുത്ത് പുറത്ത് വന്ന വിവരം.
സോവിയറ്റ് യൂനിയനെ തകർത്ത സൈനിക നീക്കത്തിനു ശേഷമാണ് ഈ പറഞ്ഞ രേഖകൾ അല്ലാ യാരോഷിൻകയുടെ കൈയിൽ കിട്ടിയത്. സിറോക്‌സ് കോപ്പിയെടുക്കാൻ പെട്ടപാട് യാരോഷിൻക പിന്നീട് പറഞ്ഞിട്ടുണ്ട്. ഇക്കാലത്തെന്തായാലും അവശിഷ്ട സോവിയറ്റ് യൂനിയനിലും ഇതു പോലെയൊന്നും നടക്കില്ല. കാലവും ആധുനിക സംവിധാനങ്ങളും എല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഏത് രേഖയും പകർത്താൻ ഇന്ന് എല്ലാ മനുഷ്യരുടെയും കൈയിൽ ഉപകരണമുണ്ട്.
മാറാത്തത്ത് മനുഷ്യ മനസ്സ് മാത്രമാണ്.