Sorry, you need to enable JavaScript to visit this website.

മകള്‍ മടങ്ങിയെത്തി, ആനന്ദാശ്രു പൊഴിച്ച് മാതാവ്

കൊണ്ടോട്ടി- കോവിഡ് ആധി പടര്‍ത്തിയപ്പോള്‍ കോട്ടക്കല്‍ കുറുകത്താണി ഫാത്തിമ സുഹ്‌റക്ക് നെഞ്ചിടിപ്പേറെയായിരുന്നു. സൗദിയിലുള്ള ഭര്‍ത്താവ് ഹംസ പോയിട്ട് മാസങ്ങളായിട്ടില്ല. മകള്‍ തന്‍സീഹ സുല്‍ത്താന ഉക്രൈനിലേക്ക് മെഡിക്കല്‍ പഠനത്തിന് പോയിട്ടും. ലോകത്തെ വിവിധ കോണില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ നാട്ടിലേക്ക് കോവിഡ് ഭീതിയില്‍ നാട്ടിലെത്തിച്ചപ്പോഴും ഹംസ സൗദിയില്‍ പിടിച്ചു നിന്നു. കോവിഡിന് മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയിലെത്തിയത്. പിടിവള്ളി വിട്ടെത്തിയാല്‍ ജീവിതം രണ്ടറ്റം മുട്ടിക്കാനാവില്ല. മകള്‍ തന്‍സീഹ സുല്‍ത്താന കൊവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാതെ അബൂദാബിയിലെ സഹോദരി തസ്‌നിയുടെ അടുത്തേക്കാണ് പോയത്.
ഉക്രൈനില്‍നിന്ന് തന്‍സീഹ സുല്‍ത്താന ഇന്നലെ കരിപ്പൂരിലെത്തിയപ്പോള്‍ മാതാവ് ഫാത്തിമ സുഹ്‌റയുടെ കണ്ണുകള്‍ ഈറനായി. ഉക്രൈനിലെ ബൂക്കൊവിനിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് പെരുവന്‍ കുഴിയില്‍ ഹംസ-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകള്‍ തന്‍സീഹ സുല്‍ത്താന.
കോവിഡ് പ്രതിസന്ധിക്കിടെ തന്നെ വീണ്ടും ഉക്രൈനിലെത്തി ക്ലാസുകള്‍ തുടങ്ങിയപ്പോഴാണ് റഷ്യയുടെ ആക്രമണം. ജൂണ്‍ 10ന് പരീക്ഷ കഴിഞ്ഞാല്‍ അവധിയാണ്. നാട്ടിലേക്ക് മടങ്ങാനാവും. എന്നാല്‍ ഉക്രൈനിലെ സ്ഥിതി ദിവസേന വഷളാവുകയാണ്. കൂട്ടുകാരികളടക്കം കുടുങ്ങിക്കിടക്കുകയാണ്. റൊമാനിയന്‍ ബോര്‍ഡറില്‍ എത്താനായതിനാലാണ് ആദ്യ വിമാനത്തില്‍ തന്നെ മടങ്ങാനായത്. ദൂരെയുള്ള കുട്ടികള്‍ക്ക് ബോര്‍ഡറില്‍ എത്താന്‍ പ്രയാസമാണ്.
അടുത്ത റമദാന് ഉപ്പ വരുമെന്ന് അറിയിച്ചിട്ടുണ്ട്. തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങളായി. കോഴിച്ചെന പെരുമണ്ണ സ്വദേശി ഫാത്തിമ ഖുലൂദ, പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശി സി.പി സനം, കുറ്റിപ്പുറം മൂടാല്‍ സ്വദേശി അമറലി എന്നിവരാണ് സുല്‍ത്താനയെ കൂടാതെ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈ വഴി ഇന്നലെ കരിപ്പൂരിലെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു. ദുരന്ത മുഖത്ത് നിന്ന് എല്ലാവരേയും നാട്ടിലെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

 

 

 

Latest News