പെരിന്തൽമണ്ണ- മുഹമ്മദ് തൻസീലിന് ഒരു തെങ്ങോല കിട്ടിയാൽ മതി, വേറിട്ട രീതിയിൽ മനോഹരമായ ചിത്രങ്ങളൊരുക്കും. ഗാന്ധിജിയും നെഹ്‌റുവും മുഖ്യമന്ത്രി പിണറായി വിജയനും ഫുട്‌ബോൾ താരങ്ങളായ മറഡോണയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും ഓസിലും സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദുൽഖറും വിജയും ടൊവിനോയുമെല്ലാം ഓലയിൽ ചിത്രങ്ങളായി തെളിഞ്ഞു വരും. ലീഫ് ആർട്ടിൽ അൽഭുതപ്പെടുത്തുന്ന തൻസീലിന്റെ പ്രകടനത്തിന് ഒടുവിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്‌സിന്റെ അംഗീകാരവും.
അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തൻസീലിന്റ ചിത്രവിദ്യകൾ കാഴ്ചയുടെ വിരുന്നാവുകയാണ്. ഓലയിൽ മാത്രമല്ല ആലിലയിലും പ്ലാവിലയിലും തേക്കിലയിലുമെല്ലാം നിമിഷനേരം കൊണ്ട് വ്യത്യസ്ത രൂപങ്ങളൊരുക്കി ഈ 17 കാരൻ വിസ്മയമാകുന്നു.
കോവിഡ് കാലത്ത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ലീഫ് ആർട്ടിലേക്ക് ഈ കലാപ്രതിഭയെ എത്തിച്ചത്. ഇലയിൽ മാർക്കർ പേന ഉപയോഗിച്ച് ചിത്രം വരച്ചശേഷം ബ്ലേഡുകൊണ്ടു ഇലയുടെ ഭാഗങ്ങൾ മുറിച്ചെടുത്താണ് രൂപങ്ങൾ ഒരുക്കുന്നത്. ചിത്രരചനാ പരിശീലനം നേടിയിട്ടില്ലെങ്കിലും ഇരുകൈകൾകൊണ്ടും ചിത്രം വരക്കാൻ തൻസീലിനു പ്രത്യേക വിരുതുണ്ട്. ചിരട്ടയിലും പേപ്പറിലും കലാശിൽപങ്ങളൊരുക്കും. തന്റെ കലാവിരുതിലൂടെ വരുമാനത്തോടൊപ്പം നിരവധി പുരസ്‌കാരങ്ങൾ നേടാനും യുട്യൂബർ കൂടിയായ തൻസീലിനു കഴിഞ്ഞിട്ടുണ്ട്.
മങ്കട മേലോട്ടുംകാവ് പരിയംകണ്ടൻ അബ്ദുൽ മുനീറിന്റെയും സുഫൈറ ബാനുവിന്റെയും മകനാണ് തൻസീൽ. മൂന്നാം ക്ലാസുകാരി തമീസയും മൂന്നു വയസ്സുകാരി തൻഹയുമാണ് സഹോദരിമാർ.