Sorry, you need to enable JavaScript to visit this website.

സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിതനായ കെ. സച്ചിദാനന്ദനെ മന്ത്രി ഡോ. ആര്‍. ബിന്ദു സന്ദര്‍ശിച്ചു

തൃശൂര്‍ -  അക്കാദമി പ്രസിഡന്റായി നിയമിതനായ കെ. സച്ചിദാനന്ദനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു സന്ദര്‍ശിച്ചു. തൃശൂര്‍ വടൂക്കര ഹരിത നഗറിലെ സച്ചിദാനന്ദന്റെ വീട്ടിലെത്തിയ മന്ത്രി ബിന്ദു അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. സച്ചിദാനന്ദന്‍
സാഹിത്യ അക്കാദമി പ്രസിഡന്റായത് അഭിമാനകരമായി കാണുന്നുവെന്നും സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സച്ചിദാനന്ദന്‍ മാഷുടെ വരവ്  മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
എം.എ. ബേബി സംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലം മുതല്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആകാനുള്ള ക്ഷണം ഉണ്ടായിരുന്നതാണെന്നും തന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി അക്കാദമിയെ കൂടുതല്‍ സജീവമാക്കാന്‍ ശ്രമിക്കുമെന്നും കെ. സച്ചിദാനന്ദന്‍ പ്രതികരിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ  സച്ചിദാനന്ദന്‍ ഏറെനാള്‍ നീണ്ട ദല്‍ഹി വാസത്തിനുശേഷം അടുത്തിടെയാണ് വടൂക്കരയില്‍ താമസമാക്കിയത്. കവി, നിരൂപകന്‍, വാഗ്മി എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തി നേടിയ അദ്ദേഹം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്നു. ഏറെക്കാലം കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഥാകൃത്ത് വൈശാഖന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കെ. സച്ചിദാനന്ദന് ചുമതല നല്‍കിയത്.

 

Latest News