റിയാദ്- തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് സംഘടിപ്പിച്ച മൂന്നാമത് തലശ്ശേരി ക്യാരംസ് ലീഗ് ടൂർണമെന്റിൽ ഒ.വി ഹസീബ്, പി.സി ഹാരിസ് എന്നിവർ ഉൾപെട്ട ടീം ഡെബണയർ സ്‌ട്രൈക്കേർസ് ജേതാക്കളായി. ആവേശമേറിയ ഫൈനൽ മത്സരത്തിൽ അബ്ദുൽ റാസിഖ് വാരം, റഹിജാസ് എന്നിവർ ഉൾപെട്ട ടീം എ.ബി.സി.സി യെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചു.
ടി എം ഡബ്ല്യു എ റിയാദ് സ്‌പോർട്‌സ് വിംഗ്‌സിന്റെ നേതൃത്വത്തിൽ ബത്ത ക്ലാസ്സിക്ക് ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങൾ ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കിലിൻറെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് തൻവീർ ഹാഷിം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷഫീഖ് പി പി ആദ്യ സ്‌ട്രൈക്ക് നിർവഹിച്ചു. പതിനാറ് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ സ്‌പോർട്‌സ് വിങ് കൺവീനർ അൻവർ സാദത്ത് ടി എം നിയന്ത്രിച്ചു. മുഹമ്മദ് സെറൂഖ് കരിയാടൻ, റഫ്‌സാദ് വാഴയിൽ, അഫ്താബ് അമ്പിലായിൽ എന്നിവരുടെ നേതൃത്വത്തിൽ കാണികൾക്കായി സംഘടിപ്പിച്ച വിവിധങ്ങളായ ഫൺ ഗെയിംസ് ഉത്സവ പ്രതീതി സൃഷ്ടിച്ചു. വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.