എടപ്പാൾ- ആടും അണ്ണാനും തമ്മിലുള്ള അടുപ്പം നാട്ടിലാകെ ചർച്ചയാണ്. അതുകൊണ്ട് ഇവരുടെ വേറിട്ട, കൗതുകകരമായ സൗഹൃദം കാണാൻ നാട്ടുകാരെല്ലാം വന്നു ചേരുമ്പോൾ പുതിയൊരു അനുഭവമായി മാറുകയാണ്. മാണൂർ വെള്ളാട്ടുവളപ്പിൽ കുഞ്ഞലവിയുടെ വീട്ടിൽ വിരുന്നെത്തുന്ന അണ്ണാൻ കുഞ്ഞാണ് വീട്ടുകാരുമായും വീട്ടിലെ ആടുമായും സൗഹൃദം പങ്കു വെക്കുന്നത്.
ഖയ്യൂമിന്റെ കൈയിൽ കയറി അണ്ണാൻകുഞ്ഞിന്റെ കുസൃതികൾ.
കുഞ്ഞലവിയുടെ മകൻ അബ്ദുൽ ഖയ്യൂമിന്റെയും, വീട്ടിലെ ആടായ മണിക്കുട്ടിയുടെയും കളിക്കൂട്ടുകാരനാണ് അണ്ണാൻ കുഞ്ഞ്. ഒരിക്കൽ നിലത്തു വീണു പരിക്കേറ്റ അണ്ണാൻ കുഞ്ഞിനെ ശുശ്രൂഷിച്ച് വിട്ടയച്ചെങ്കിലും സൗഹൃദം ഒഴിയാൻ കഴിയില്ല എന്ന സന്ദേശമാണ് അണ്ണാൻകുഞ്ഞ് വീട്ടുകാർക്കും നാട്ടുകാർക്കും സമ്മാനിക്കുന്നത്. എട്ടു മാസമായുള്ള ഈ സൗഹൃദം പതിവു തെറ്റാതെ തുടരുകയാണ്.
എന്നും വീട്ടിൽ വരും. മണിക്കൂറുകളാണ് വീട്ടിൽ ചെലവഴിക്കുക. വീട്ടുകാർ കൊടുക്കുന്ന ഭക്ഷണം കഴിക്കും. ആടിനു മുത്തം നൽകി തിരിച്ചുപോകും. ഇതാണ് ഇവിടുത്തെ സ്ഥിരം കാഴ്ച. സൗഹൃദ കൂട്ടായ്മയുടെ കഥകൾ പലരും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതോടെയാണ് കഥ നാട്ടിൽ ചർച്ചയായത്.