Sorry, you need to enable JavaScript to visit this website.

കളരിപ്പയറ്റ് കാണാനും പഠിക്കാനും ലോകം ഇനി കതിരൂരിലേക്കെത്തും

കണ്ണൂര്‍ - കളരിപ്പയറ്റ് കാണാനും പഠിക്കാനും ലോകം ഇനി കതിരൂരിലേക്കെത്തും. ആയോധന കലകളില്‍ ഏറ്റവും പ്രധാനപ്പെട്ട  കളരിപ്പയറ്റ് അഭ്യസിക്കാനും കൂടുതല്‍ മനസ്സിലാക്കാനും കതിരൂര്‍ പൊന്ന്യത്ത് ഏഴരക്കണ്ടത്തില്‍ കളരി അക്കാദമി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കതിരൂര്‍ ഗ്രാമ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും വിവിധ ഫണ്ടുകള്‍ ചേര്‍ത്ത് 12 കോടി 80 ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
വടക്കന്‍ പാട്ടുകളിലൂടെ ചരിത്രത്താളുകളില്‍  രേഖപ്പെടുത്തിയ കളരി അഭ്യാസികളാണ് തച്ചോളി ഒതേനനും അദ്ദേഹത്തിന്റെ ഗുരുവായ കതിരൂര്‍ ഗുരുക്കളും. ഇരുവരും അങ്കം വെട്ടി മരിച്ചു വീണ മണ്ണാണ് പൊന്ന്യം എന്നാണ് പതിറ്റാണ്ടുകളായി  വാമൊഴിയായി പ്രചരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള പൊന്ന്യം ഏഴര കണ്ടത്ത് കളരിപ്പയറ്റിന്റെ ചരിത്രവും ആയോധനമുറകളും പഠിക്കാന്‍ ലോകോത്തര നിലവാരത്തില്‍ കളരി മ്യൂസിയവും കളരി അക്കാദമിയും സ്ഥാപിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ പഞ്ചായത്ത് തയ്യാറാക്കി കഴിഞ്ഞു. ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ക്ക് കളരിയെ സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
കളരി പരിശീലനകേന്ദ്രം, ആയോധന ചികിത്സാ കേന്ദ്രം,  വിവിധ കളരി മുറകളുടെ ശില്‍പ മാതൃകകള്‍, കളരി ചരിത്ര പഠനത്തിന് ഉപരിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ, ലൈബറി, ഡിജിറ്റല്‍ റൂം, ഗവേഷണ കേന്ദ്രം, തെക്കന്‍-വടക്കന്‍ കളരി അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പൊതുകേന്ദ്രം, കളരി പഠിക്കാനെത്തുന്നവര്‍ക്കുള്ള ഡോര്‍മിറ്ററി, കോട്ടേജുകള്‍,  അനുബന്ധ ഓഫീസുകള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ അക്കാദമിയിലുണ്ടാവും.
കളരി ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ മ്യൂസിയമാവും ഇവിടെ തുടങ്ങുക. അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, താളിയോലകള്‍, ചരിത്ര രേഖകള്‍, ചിത്രങ്ങള്‍ എന്നിവയും ഇവിടെ പ്രവര്‍ശിപ്പിക്കും. 3,000 ചതുരശ്ര അടിയില്‍  ഒരുക്കുന്ന ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററില്‍  കളരിയെ സംബന്ധിച്ച് വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ലഭ്യമാക്കും. ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും. ഒരു കോടി രൂപ ചെലവിലാണ്  ഗവേഷണ കേന്ദ്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. 50 ലക്ഷം രൂപ വിലയുള്ള പുസ്തകങ്ങള്‍ ആദ്യഘട്ടത്തില്‍ ലൈബറിയില്‍ ഉണ്ടാകും. 50 ലക്ഷം രൂപ ചിലവില്‍ കളരിപ്പയറ്റിനുള്ള അങ്കത്തട്ട് ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ടൂറിസം രംഗത്ത് വടക്കേ മലബാറിന് പൊന്‍തിലകമാവും കതിരൂര്‍ കളരി അക്കാദമി.

 

Latest News