റിയാദ് - വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത കോവിഡ് രോഗികള്‍ പോസിറ്റീവ് സാമ്പിള്‍ സ്വീകരിച്ച് പത്തു ദിവസം ഹോം ഐസൊലേഷന്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ അവസാനത്തെ മൂന്നു ദിവസം പനിക്കുള്ള മരുന്നുകള്‍ ഉപയോഗിക്കാതെ പനിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ല. കൂടാതെ മറ്റു രോഗലക്ഷണങ്ങള്‍ കുറയുകയും വേണം.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിക്കുന്നതെങ്കില്‍ പോസിറ്റീവ് സാമ്പിള്‍ സ്വീകരിച്ച് ഏഴു ദിവസം ഹോം ഐസൊലേഷന്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. ഇതില്‍ അവസാനത്തെ 24 മണിക്കൂര്‍ പനിക്കുള്ള മരുന്നുകള്‍ ഉപയോഗിക്കാതെ പനിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ല. കൂടാതെ മറ്റു രോഗലക്ഷണങ്ങള്‍ കുറയുകയും വേണം. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കുകയും രോഗമുക്തി വ്യവസ്ഥകള്‍ കൈവരിക്കുകയും ചെയ്താല്‍ രോഗമുക്തി സ്ഥിരീകരിക്കാന്‍ പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. രോഗമുക്തി നേടിയാലുടന്‍ അടിസ്ഥാന വാക്‌സിന്‍ ഡോസുകളും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.