Sorry, you need to enable JavaScript to visit this website.

തായിഫിൽ വാടക 30 ശതമാനം കുറഞ്ഞു

തായിഫ് - സ്ഥാപനങ്ങൾ കൈയൊഴിയുന്ന പ്രവണത വർധിച്ചതോടെ തായിഫിൽ കട മുറികളുടെ വാടക 30 ശതമാനം കുറഞ്ഞു. സ്ഥാപനങ്ങൾ കൈയൊഴിയുന്നവരുടേയും മുറികൾ വാടകക്ക് നൽകുന്നവരുടേയും പരസ്യങ്ങൾ വർധിച്ചിട്ടുണ്ട്.  
കട മുറികളുടെ വാടക കുറഞ്ഞത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധൻ അബ്ദുറഹ്മാൻ അൽകനാനി പറഞ്ഞു. തൊഴിൽ വിപണിയിലെ തകരാറുകൾ പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഫലം അനുകൂലമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാടക കുറയുന്നതോടെ വ്യാപാരികൾ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും. 
വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെയും മുറികളുടെയും വാടക കുറയുന്നത് ഇത്തരം കെട്ടിടങ്ങൾ കൂടുതലായി നിർമിക്കുന്ന പ്രവണതക്ക് തടയിടുകയും നിക്ഷേപകർ പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിലേക്ക് തിരിയുകയും ചെയ്യും. പ്രാദേശിക വിപണിയിൽ സന്തുലനമുണ്ടാക്കുന്നതിനും സ്വന്തം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് സൗദികളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലെ വ്യാപാര സ്ഥാപനങ്ങളിൽ 50 ശതമാനത്തോളം അടച്ചുപൂട്ടണം. വിദേശികൾക്കുള്ള ലെവി കൂടുതൽ ഉയർത്തുന്നതിനാൽ അടുത്ത വർഷവും വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെയും മുറികളുടെയും വാടക കുറയുന്ന പ്രവണത തുടരുമെന്നാണ് കരുതുന്നതെന്ന് അബ്ദുറഹ്മാൻ അൽകനാനി പറഞ്ഞു. 
സാമ്പത്തിക മാന്ദ്യമാണ് വാടക കുറയാൻ കാരണമെന്ന് തായിഫ് യൂനിവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസർ ഡോ. സാലിം ബാഅജാജ പറഞ്ഞു. വാടകയും കെട്ടിടങ്ങളുടെ വിലയും 50 ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
മുൻവർഷങ്ങളെ  അപേക്ഷിച്ച് വാടക ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് തായിഫ് വാണിജ്യ മന്ത്രാലയ ശാഖാ മുൻ ഡയറക്ടർ മസ്ഊദ് അൽഖുഥാമി പറഞ്ഞു. തൊഴിലില്ലായ്മ വർധിച്ചതിനാൽ മുറികൾ വാടകക്കെടുത്ത് സ്ഥാപനങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്നവരുടെ എണ്ണം കൂട്ടുമെന്നാണ് കരുതുന്നത്. 
ഇതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ലഘൂകരിക്കുകയും സ്വന്തം നിലയിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് യുവാക്കൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുകയും വേണം.  വാടക കുറയുന്നത് ഉൽപന്നങ്ങളുടെ വില കുറയുന്നതിലേക്ക് നയിക്കും. ലെവി ഇൻവോയ്‌സ് തൊഴിൽ വിപണിയിലെ നിഷേധാത്മക പ്രവണതകൾക്ക് തടയിടുന്നതിന് സഹായിച്ചതായും മസ്ഊദ് അൽഖുഥാമി പറഞ്ഞു. 

Latest News