തിരുവനന്തപുരം-താനിപ്പോള്‍ ശരിക്കുമൊരു സ്റ്റാറായി, ഇനിയെല്ലാവരും പേടിക്കും- തലസ്ഥാനത്ത് തമിഴ്‌നാട് സ്വദേശിയായ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ ക്രൂരമായി വെട്ടിക്കൊന്ന നെടുമങ്ങാട് മൂഴി സ്വദേശി അജീഷ് (36) പോലീസിനോട് പറഞ്ഞ വാക്കുകളാണിത്.
ഹോട്ടല്‍ റിസപ്ഷനിസ്റ്റ് നീലന്‍ എന്ന അയ്യപ്പന്‍ മരിച്ച വിവരം പോലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പൊട്ടിച്ചിരിച്ചാണ് പ്രതികരിച്ചത്.
ഒമ്പതു തവണ കേസില്‍ പ്രതിയായിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും- അജീഷ് പറഞ്ഞു. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തില്‍തന്നെ ആഗ്രഹമെന്നും ലഹരി ഉപയോഗം വര്‍ധിച്ചതോടെ കേസുകളില്‍ പ്രതിയായെന്നും പോലീസ് പറഞ്ഞു. അമിതമായി ലഹരി ഉപയോഗിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനിടെ പലപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
40 കേസുകളില്‍ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് വര്‍ക്‌ഷോപ്പ് നടത്തിയിരുന്ന അജീഷ് കുപ്രസിദ്ധി നേടിയത്.
തമിഴ്‌നാട് സ്വദേശിയായ അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാന്‍ അജീഷ് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. ഇയാളുമായി നേരത്തേ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടിരുന്നത്. റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയശേഷം നെടുമങ്ങാട്ടേക്കു പോകുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതിനാലാണ് ആക്രമണം നടക്കാതിരുന്നത്. പെട്രോള്‍ തീര്‍ന്ന ബൈക്ക് അജീഷ് മുല്ലശേരിയില്‍ ഒതുക്കിവച്ചു. തുടര്‍ന്ന്, ചില വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കയറിയാണ് ആനായിക്കോണത്ത് എത്തിയത്.
വീടിനു തൊട്ടടുത്തുള്ള പാലത്തില്‍ ആയുധവുമായി ലഹരി ഉപയോഗിക്കുകയായിരുന്ന പ്രതിയെ ഒരു പെണ്‍കുട്ടിയാണ് വാര്‍ത്തകളിലെ ചിത്രങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞത്. ഉടന്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. പഞ്ചായത്ത് അംഗമാണ് പോലീസിനു വിവരം നല്‍കിയത്. നെടുമങ്ങാട് എസ്.ഐ സുനില്‍ഗോപിയും സംഘവും എത്തിയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിനിടയിലും ജീപ്പില്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും പ്രതി അക്രമാസക്തനായിരുന്നു.