തിരുവനന്തപുരം- അധികാരത്തിന്റെ അപ്പക്കഷണം കൊടുത്ത് സ്ത്രീകളെ ഇരുത്തിക്കഴിഞ്ഞാല്‍ സ്ത്രീ വിമോചനമാവില്ലെന്ന് ജെ. ദേവിക അക്കാദമി സ്ഥാപനങ്ങളില്‍ സ്ത്രീകളെ ഉന്നതസ്ഥാനത്തേക്കു പരിഗണിക്കുന്നില്ല എന്നതിനല്ല ഇവിടെ കാര്യപ്രാധാന്യമുള്ളത്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാതിനിധ്യം എന്നതാണ് നമ്മുടെ ഒബ്‌സഷന്‍. തൊണ്ണൂറുകള്‍ മുതല്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ അധികാരത്തിന്റെ അപ്പക്കഷണം കൊടുത്ത് സ്ത്രീകളെ ഇരുത്തിക്കഴിഞ്ഞാല്‍ സ്ത്രീ വിമോചനമായി എന്നൊരു കാഴ്ചപ്പാടുണ്ട്. അത്തരത്തില്‍ അപ്പക്കഷണങ്ങള്‍ തിന്നിരിക്കുന്ന പലരും ഇവിടെയുണ്ട്. അവരൊക്കെ എന്താണ് നേടിയത്, എന്താണ് സമൂഹത്തിന് നേടിക്കൊടുത്തത് എന്നുകൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. സ്വജനപക്ഷപാതത്തിന്റെ വിവിധ വേര്‍ഷനുകളായിട്ടാണ് ഇത്തരം പ്രാതിനിധ്യ സാധ്യതകളെ ഉപയോഗിക്കുന്നത്.
സ്വജനപക്ഷപാതമുള്ളവരെ നിയമിക്കുമ്പോള്‍ ഉള്ള പ്രധാനപ്പെട്ട പ്രശ്‌നം അവര്‍ക്ക് എഫിഷ്യന്‍സി ടാര്‍ജറ്റ് അല്ലെങ്കില്‍ ആ സ്ഥാനത്താല്‍ നിറവേറ്റേണ്ട ഉത്തരവാദിത്തം, നന്നായി ചെയ്യാനുള്ള ഇന്‍സെന്റീവ് ഇല്ലാതെ ആകും എന്നതാണ്. എന്താണോ നമ്മള്‍ ഒരു സ്ഥാപനത്തില്‍ നിന്നും കാര്യക്ഷമമായിട്ട് പ്രതീക്ഷിക്കുന്നത്, ആ ലക്ഷ്യം നേടാനുള്ള ശേഷി ഇല്ലാതെ പോകും എന്നുള്ളതാണ്. മുകളില്‍ നിന്നുള്ള ബന്ധുതലത്തിലെ പിടിപാടുകളുടെ ഔദാര്യമാണ് അത്തരം നിയമനങ്ങള്‍. അങ്ങനെ ഉള്ള നിയമനങ്ങളില്‍ കഴിവ് തെളിയിക്കാനുള്ള വ്യഗ്രത കുറയും.
കേരള സാഹിത്യഅക്കാദമിയിലെ നിയമനങ്ങള്‍ നോക്കുമ്പോള്‍ ഉപാധ്യക്ഷസ്ഥാനം ലഭിച്ചിരിക്കുന്നത് തീര്‍ച്ചയായും സ്വജനപക്ഷപാതത്തിന്റെ വെളിച്ചത്തിലാണ്. അധ്യക്ഷസ്ഥാനത്തേക്ക് വന്നതാകട്ടെ തികച്ചും അര്‍ഹതയുള്ളയാളുമാണ്. സ്വജനപക്ഷപാതത്താല്‍ കയറിയ ഒരാളേയും അങ്ങനെ അല്ലാത്ത ഒരാളേയും ഒരിടത്തുനിയമിച്ചു കഴിഞ്ഞാല്‍ അങ്ങനെ അല്ലാതെ വന്ന ഒരാളെ എന്തുകൊണ്ടും തടഞ്ഞുനിര്‍ത്താനുള്ള ശക്തിയായിട്ട് പ്രവര്‍ത്തിക്കാന്‍ സ്വജനപക്ഷപാതക്കാര്‍ക്കു കഴിയും. ഇത് ലോകത്ത് സ്വാഭാവികമായി നടക്കുന്നതാണ്. ബിസിനസ്സിലായാലും കോര്‍പ്പറേറ്റുകളിലായാലും നടന്നിട്ടുള്ള പഠനങ്ങളില്‍ കാണുന്ന ഒരു പാറ്റേണ്‍ അതാണ്. അവിടെ ആണ്‍പെണ്‍ വ്യത്യാസം വരുന്നില്ല.