Sorry, you need to enable JavaScript to visit this website.

മാന്ദ്യം രൂക്ഷം: മൊബൈൽ ഫോൺ കടകൾ ഉടമകൾ കൈയൊഴിയുന്നു

ഉടമസ്ഥാവകാശം കൈമാറുന്നതിന് താൽപര്യം അറിയിച്ച് റിയാദിലെ മൊബൈൽ ഫോൺ കടക്കു മുന്നിൽ സ്ഥാപിച്ച പോസ്റ്റർ. 

റിയാദ്- വിൽപന കുത്തനെ കുറഞ്ഞതോടെ മൊബൈൽ ഫോൺ കടകൾ ഉടമകൾ കൈയൊഴിയുന്നു. നിലവിലെ സാഹചര്യത്തിൽ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ അധികമാരും മുന്നോട്ടു വരാത്തതിനാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നവരുമുണ്ട്. ഷോപ്പുകൾ കൈമാറാനും നടത്തിപ്പിനു നൽകാനും താൽപര്യം പ്രകടിപ്പിക്കുന്ന അറിയിപ്പുകളാണ് പല മൊബൈൽ ഫോൺ കടകൾക്കു മുന്നിലും. 
ധാരാളം പേർ മൊബൈൽ ഫോൺ ഷോപ്പുകൾ പൂട്ടിയതായി വ്യാപാരികൾ പറഞ്ഞു. വിൽപന കുറഞ്ഞതിനുപുറമെ, ഉയർന്ന വാടകയും റിപ്പയർ മേഖലയിൽ യോഗ്യരായ സൗദികളുടെ അഭാവവും വിനയായി. ഒരു വർഷം മുമ്പു തന്നെ മൊബൈൽ ഫോൺ കടകൾ അടച്ചുപൂട്ടുന്നതിനും കൈയൊഴിയുന്നതിനുമുള്ള പ്രവണത തുടങ്ങിയിരുന്നുവെന്ന് സൗദി വ്യാപാരി മൻസൂർ ബിൻ അലി പറഞ്ഞു. 
ഗുണമേന്മയില്ലാത്ത ചൈനീസ് മൊബൈൽ ഫോൺ ഉൽപന്നങ്ങളാണ് വിപണിയിൽ നിറഞ്ഞിരിക്കുന്നത്. ഇതുമൂലം ഉപയോക്താക്കൾ ഗുണമേന്മയുള്ള ആക്‌സസറീസ് തേടി വൻകിട മാളുകളിലെ പ്രശസ്ത സ്ഥാപനങ്ങളെ സമീപിക്കുകയാണ്. ചില വൻകിട സ്ഥാപനങ്ങൾ ഓഫറുകൾ പ്രഖ്യാപിക്കുന്നതും തവണ വ്യവസ്ഥയിൽ വിൽപന നടത്തുന്നതും ചെറുകിട സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുന്നു.
സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കിയതോടെ നിരവധി സൗദി യുവാക്കൾ ഉയർന്ന വാടകക്ക് മുറികൾ വാടകക്കെടുത്ത് മൊബൈൽ ഫോൺ കടകൾ ആരംഭിച്ചിരുന്നു. വിപണിയെ കുറിച്ച് സാധ്യതാ പഠനം പോലും നടത്താതെയാണ് ഇവർ പുതിയ സ്ഥാപനങ്ങൾ ആരംഭിച്ചത്. എന്നാൽ മാന്ദ്യം ഇവർക്ക് തിരിച്ചടിയായി. ഭീമമായ നഷ്ടം നേരിട്ടതാണ് പലരേയും സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ പ്രേരിപ്പിച്ചതെന്ന് മൻസൂർ ബിൻ അലി പറഞ്ഞു. 
താനുൾപ്പെടെ നിരവധി പേർ കടകൾ അടച്ചുപൂട്ടിയതായി സൗദി യുവാവ് ഗാനം അൽഅമ്മാർ പറഞ്ഞു. വിൽപന കുറഞ്ഞതും ഉയർന്ന വാടകയുമാണ് തടസ്സമായത്. 30,000 റിയാൽ മുതൽ 70,000 റിയാൽ വരെയാണ് ഒരു മുറിക്ക് വാടകയായി കെട്ടിട ഉടമകൾ ഈടാക്കുന്നത്. വാടക കുറയ്ക്കണമെന്ന് മൊബൈൽ ഫോൺ ഷോപ്പുകൾ പ്രവർത്തിക്കുന്ന കോംപ്ലക്‌സുകളുടെ ഉടമകളോട് നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ഫോൺ റിപ്പയർ മേഖലയിൽ നൈപുണ്യമുള്ള സൗദികളുടെ കുറവും നഷ്ടം വർധിക്കാൻ കാരണമായി. 
സൗദിവൽക്കരണത്തിനു മുമ്പ് മൊബൈൽ ഫോൺ റിപ്പയർ മേഖലയിൽ വിദേശികൾ വലിയ ലാഭമുണ്ടാക്കിയിരുന്നു. പ്രാദേശിക വിപണി തകർത്തതിൽ മൊബൈൽ ഫോൺ ആക്‌സസറീസ് വിതരണം ചെയ്യുന്ന വിദേശി സെയിൽസ്മാന്മാർക്ക് വലിയ പങ്കുണ്ട്. ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ ഇവർ വിപണിയിൽ തള്ളുന്നത് വിൽപനയെ ബാധിച്ചതായി ഗാനം അൽഅമ്മാർ പറഞ്ഞു. 
സ്ഥാപനം വിൽക്കാൻ പരസ്യപ്പെടുത്തി മൂന്നു മാസം പിന്നിട്ടെങ്കിലും ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ലെന്ന് തുർക്കി അൽഹർകാൻ പറഞ്ഞു. മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷിയോടെയാണ് സ്ഥാപനം ആരംഭിച്ചത്. ഉപയോക്താക്കൾ കുറഞ്ഞതും  റിപ്പയർ മേഖലയിൽ വിദഗ്ധരായ സൗദികളില്ലാത്തതും ഉയർന്ന വാടകയുമാണ് തിരിച്ചടിയായത്. ഭീമമായ നഷ്ടമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട ഉടമകൾ വാടക കുറച്ചാലല്ലാതെ താൻ വീണ്ടും മൊബൈൽ ഫോൺ കട ആരംഭിക്കില്ലെന്നും തുർക്കി അൽഹർകാൻ പറഞ്ഞു. രണ്ടു വർഷത്തിനിടെ സൗദിയിലേക്ക് 3,120 കോടി റിയാലിന്റെ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തതായാണ് കണക്ക്. 

Latest News