റിയാദ്/ലണ്ടൻ - ബ്രിട്ടനിൽനിന്ന് 48 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രാഥമിക കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചു. യൂറോഫൈറ്റർ ടൈഫൂൺ ഇനത്തിൽ പെട്ട വിമാനങ്ങളാണ് സൗദി അറേബ്യ വാങ്ങുന്നത്. ബില്യൺ കണക്കിന് പൗണ്ടിന്റെ ഇടപാടാണിത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സായുധസേനയുടെ നവീകരണത്തിന് പുതിയ ഇടപാട് സൗദി അറേബ്യയെ സഹായിക്കുമെന്ന് ബി.എ.ഇ സിസ്റ്റംസ് പറഞ്ഞു.
നിലവിൽ സൗദി വ്യോമസേനക്കു കീഴിൽ 72 ടൈഫൂൺ വിമാനങ്ങളുണ്ട്. ഈ വിമാനങ്ങൾ വാങ്ങുന്നതിന് 2007 ലാണ് സൗദി അറേബ്യ കരാർ ഒപ്പുവെച്ചത്. പുതുതായി 48 യുദ്ധ വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ സൗദി വ്യോമസേനയുടെ കരുത്ത് വർധിക്കും.
കിരീടാവകാശിയുടെ ത്രിദിന സന്ദർശനത്തിന്റെ സമാപന ദിവസമാണ് യുദ്ധ വിമാന ഇടപാട് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ കിരീടാവകാശിയുടെ സന്ദർശനം പുതിയ അധ്യായം തുറന്നതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്യംസൺ പറഞ്ഞു. ടൈഫൂൺ വിമാനങ്ങൾക്കായുള്ള ഇടപാട് മധ്യപൗരസ്ത്യദേശത്ത് സുരക്ഷ വർധിപ്പിക്കുകയും ബ്രിട്ടീഷ് വ്യവസായത്തിന് കരുത്തുപകരുകയും ചെയ്യുമെന്ന് ഉത്തര പശ്ചിമ ലണ്ടനിൽ നോർത്തോൾട്ട് വ്യോമതാവളത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. വ്യോമതാളവത്തിലെത്തിയ കിരീടാവകാശിയെ സ്വാഗതം ചെയ്ത് ടൈഫൂൺ വിമാനങ്ങൾ ആകാശത്ത് ഉയർന്ന് പറന്നു. കിരീടാവകാശിക്ക് ഗാർഡ് ഓഫ് ഓണറും നൽകി.