അബുദാബി- സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തിലുള്ള 17 അംഗ പ്രതിനിധി സംഘം അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശിച്ചു.
പ്രാര്‍ഥനയില്‍ പങ്കെടുത്ത സ്പീക്കര്‍ പൂജിച്ച ഒരു ഇഷ്ടിക സ്ഥാപിച്ച് ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയായി. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം ആയിഷ മുഹമ്മദ് അല്‍ മുല്ല ഇന്ത്യന്‍ സംഘത്തെ അനുഗമിച്ചു. പൂജ്യ ബ്രഹ്‌മവിഹാരി സ്വാമി പരമ്പരാഗത രീതിയില്‍ സംഘത്തെ സ്വീകരിച്ചു. മനസ്സുകളുടെയും ഹൃദയങ്ങളുടെയും ഏകീകരണമാണ് പരമ്പരാഗത ക്ഷേത്രത്തിന്റെ ലക്ഷ്യമെന്ന് ബ്രഹ്‌മവിഹാരി സ്വാമി പറഞ്ഞു.
ആഗോള ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അബുദാബിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രമെന്ന് ഓം ബിര്‍ല പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യ-യു.എ.ഇ ബന്ധത്തിലെ പൊന്‍തൂവല്‍ കൂടിയാണിതെന്നും സ്പീക്കര്‍ പറഞ്ഞു.