എടപ്പാൾ- പൊന്നാനിയിൽ അതിർത്തി തർക്കത്തെത്തുടർന്ന് വൃദ്ധൻ ചവിട്ടേറ്റ് മരിച്ചു. പൊന്നാനി ഗേൾസ് സ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്. വർഷങ്ങളായി സുബ്രഹ്‌മണ്യനും, ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നടക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് അയൽവാസികൾ സുബ്രഹ്‌മണ്യനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ അയൽവാസിയും, ബന്ധുവുമായ റിജിലിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വാക്കുതർക്കത്തിനിടെ മോഹനനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യ: രാധ.മകൻ: രഹാൻ. മുൻ എം.പിയും കോൺഗ്രസ് നേതാവുമായ സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്‌മണ്യൻ