പാലക്കാട്- മലമ്പുഴ കൂർമ്പാച്ചി മലയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ബാബുവിന് കോയമ്പത്തൂരിൽ നടക്കുന്ന സൈനികാഘോഷ പരിപാടിയിലേക്ക് ക്ഷണം. മലമ്പുഴയിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികരെ ആദരിക്കുന്നതിന് സൈന്യം മാർച്ച് ഒന്നിന് കോയമ്പത്തൂർ സൈനിക ക്യാമ്പിൽ നടത്തുന്ന ആഘോഷത്തിലേക്കാണ് യുവാവിനെ ക്ഷണിച്ചിരിക്കുന്നത്. ബാബുവിന്റെ ഉമ്മയേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ബാബുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇപ്പോൾ സൈന്യത്തിന്റെ പക്കലാണ്. തന്റെ ജീവൻ രക്ഷിക്കുന്നതിന് നേതൃത്വം നൽകിയ കേണൽ ഹേമന്ദ്‌രാജിന്റെ കയ്യിൽ നിന്ന് നേരിട്ട് മൊബൈൽ തിരിച്ചു വാങ്ങാൻ ആഗ്രഹമുണ്ടെന്ന് ബാബു അധികൃതരെ അറിയിച്ചിരുന്നു. അതനുസരിച്ച് ആഘോഷപരിപാടിയിൽ വച്ച് മൊബൈൽ ഫോൺ കൈമാറാനാണ് തീരുമാനം. മലമ്പുഴയിൽ രക്ഷാപ്രവ ർത്തനത്തിന് നേതൃത്വം നൽകിയ സൈനികരെ ആദരിക്കുന്നതിന് കരസേനയുടെ ഊട്ടി വെല്ലിംഗ്ടനിലെ മദ്രാസ് റെജിമെന്റാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് വിഭാഗം ചുമതല വഹിക്കുന്ന ജി.ഒ.സി ലഫ്റ്റ്‌നന്റ് ജനറൽ എ.അരുൺ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ പ്രദേശവാസികളേയും രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തിയ സൂരജ്, കാർത്തിക് എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചു.
മലമ്പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരെ ആദരിക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ചയിൽ തിരുവനന്തപുരത്ത് വെച്ച് സ്വീകരണം നൽകാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സൈനികമേധാവികളുമായി ആശയവിനിമയം നടത്തി വരികയാണ്.