കഴിഞ്ഞവാരം ഈ പംക്തിയിൽ പിറ്റേന്നു വരുന്ന ത്രിപുര തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സംഭവമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ത്രിപുരയിലെ ഇടതുമുന്നണി കോട്ട ഐ.പി.എഫ്.ടി തീവ്രവാദികളുമായി കൂട്ടുചേർന്ന് ബി. ജെ.പി വളഞ്ഞു പിടിച്ചു. ഇത്തവണ ഈ വരികൾ കുറിക്കുമ്പോൾ ബി.ജെ.പി - ഐ.പി.എഫ്.ടി ഭരണം ത്രിപുരയിൽ അധികാരമേൽക്കുകയാണ്. രണ്ടു പതിറ്റാണ്ട് ത്രിപുര ഭരിച്ച മണിക് സർക്കാറെന്ന രാജ്യത്തെ ദരിദ്രനായ മുഖ്യമന്ത്രി ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് താമസംമാറ്റി.
ആശങ്കപ്പെട്ടതുപോലെ കാൽ നൂറ്റാണ്ടുകാലത്തെ ഇടതുഭരണം തകർന്നതിന്റെ ആഹ്ലാദത്തിൽ ഭരണമുന്നണിക്കാർ വ്യാപകമായ ആക്രമണം ത്രിപുരയിലാകെ അഴിച്ചുവിട്ടു. 134 സി.പി.എം ഓഫീസുകൾ ആക്രമിച്ചെന്നും 208 എണ്ണം പിടിച്ചെടുത്തെന്നും സി.പി.എം തന്നെ പറയുന്നു. 1500-ലേറെ വീടുകൾ ആക്രമിച്ചു. ഗർഭിണിയായ വീട്ടമ്മയടക്കം കൊല്ലപ്പെട്ടു. ലെനിന്റെ പ്രതിമ തകർത്തു.
ബംഗാളിലെ മുൻ ബി.ജെ.പി അധ്യക്ഷനായിരുന്ന ഗവർണർ തഥാഗത് റോയ് ഭരണമാറ്റത്തെ തുടർന്നുണ്ടായ സ്വാഭാവിക സംഭവമെന്ന് അക്രമങ്ങളെ ന്യായീകരിച്ചു. ഇതിന്റെ ആവേശത്തിലാണ് തമിഴ്‌നാട്ടുകാരനായ ബി.ജെ.പി നേതാവ് എച്ച് രാജ പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയെയും വെറുതെവിടില്ലെന്ന് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽ ബി.ജെ.പി അനുയായികൾ പെരിയോറുടെ പ്രതിമ തകർത്ത് കാണിക്കുകയും ചെയ്തു.
ഇതോടെ ദ്രാവിഡ സംസ്‌ക്കാരവും രാഷ്ട്രീയവും ഞരമ്പുകളിലോടുന്ന ദ്രാവിഡ പാർട്ടികളും പെരിയോർ അനുയായികളും തമിഴ്‌നാട്ടിൽ തെരുവിലിറങ്ങി. ദേശീയതലത്തിലും ബി.ജെ.പിക്കെതിരെ അവരുടെ വികാരം ആളിക്കത്തി. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും പ്രതിമ തകർത്തതിനെ അപലപിച്ച് പെട്ടെന്ന് രംഗത്തു വരേണ്ടിവന്നു. പെരിയോറെ തൊട്ടുകളിച്ചാൽ പൊള്ളുമെന്നു ബി.ജെ.പി നേതൃത്വം ഭയന്നു. 'പോകാം, അട്ടിമറിക്കാ'മെന്ന ത്രിപുരയിലെ പദ്ധതിക്ക് തൽക്കാലം പൂർണ്ണ വിരാമം. കമ്മ്യൂണിസ്റ്റു മുക്ത ഭാരതമെന്ന നീക്കത്തിന് അർദ്ധവിരാമം. ത്രിപുരയിലേത് കേവലം പാർലമെന്ററി ജനാധിപത്യ പ്രക്രിയ മാത്രമാണെന്ന നിലപാടിലേക്ക് രാഷ്ട്രീയ സ്വയംസേവക് സംഘ് തൽക്കാലം പിന്മാറി.
ത്രിപുരയിൽ കിട്ടേണ്ടത് കയ്യിലൊതുങ്ങിക്കഴിഞ്ഞു. ഒപ്പം തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളിൽ കൂടി ഭരണത്തിന്റെ കടിഞ്ഞാൺ കിട്ടിയതോടെ ഉത്തര-പൂർവ്വ മേഖലതന്നെ മിക്കവാറും ബി.ജെ.പിയുടെ വലയത്തിലായി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തെ നേരിടുകയാണ് പ്രധാനമന്ത്രി മോഡി. ഒക്‌ടോബറിൽ പാർലമെന്റ് പിരിച്ചുവിട്ട് നവംബർ - ഡിസംബറിലായി ലോകസഭയിലേക്കും അര ഡസനോളം നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.
നരേന്ദ്രമോഡിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുകയല്ല, രൂക്ഷമാകുകയാണ്. എൻ.ഡി.എ ഘടകമായ ടി.ഡി.പി ആന്ധ്ര പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്ന പ്രശ്‌നത്തിൽ കേന്ദ്രമന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ പിൻവലിച്ചു. പകരത്തിനുപകരം ബി.ജെ.പി ആന്ധ്ര മന്ത്രിസഭയിൽനിന്നും. എൻ.ഡി.എ വിടാനുള്ള അടിയന്തര കൂടിയാലോചനയിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിനു പുറമെയാണ് തമിഴ്‌നാട്ടിൽ ഏതെങ്കിലും ദ്രാവിഡ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ഇപ്പോൾ ആശങ്കയിലായത്. പുതിയ പാർട്ടിയുമായി ഇറങ്ങിയിട്ടുള്ള സൂപ്പർതാരങ്ങൾ രജനീകാന്തും കമലഹാസനും ഈ സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും നിർണ്ണായകമാണ്.
യു.പി.എ ചെയർപേഴ്‌സൺ സോണിയാഗാന്ധി അടുത്ത ചൊവ്വാഴ്ച പ്രതിപക്ഷ പാർട്ടി നേതാക്കളെ വിരുന്നിനു ക്ഷണിച്ചത് ബി.ജെ.പിക്കെതിരായ കൂട്ടായ്മയ്ക്കുള്ള രാഷ്ട്രീയ നീക്കമാണ്. അതിന് പ്രോത്സാഹനം നൽകുന്ന സംഭവവികാസമാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലുമുണ്ടായത്.
ഇതിനിടയിൽ കേരളത്തിൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് മൂന്നു മുന്നണികൾക്കും മുമ്പിലെ രാഷ്ട്രീയ വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ മുന്നണികൾ സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തു കഴിഞ്ഞു. പ്രചാരണ പ്രവർത്തനങ്ങളും തുടങ്ങി. ബി.ജെ.പി മുന്നണി രണ്ടാംതവണയും അഡ്വ. പി.എസ് ശ്രീധരൻപിള്ളയെയാണ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ അദ്ദേഹം 40,000 വോട്ടു നേടിയതിന്റെ മികവിൽ. യു.ഡി.എഫിനുവേണ്ടി കോൺഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാർ. സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ട ചുമതലയുള്ള ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് സി.പി.എം സ്ഥാനാർത്ഥി. ചെങ്ങന്നൂർക്കാരെന്നതാണ് മൂന്നുപേരുടെയും അടിസ്ഥാന യോഗ്യത. കേരള രാഷ്ട്രീയം മാത്രമല്ല ഭരണകേന്ദ്രവും നിയമസഭ കഴിഞ്ഞാൽ ചെങ്ങന്നൂരിൽ കേന്ദ്രീകരിക്കും.
ആരോടും വിദ്വേഷമോ പകയോ ഇല്ലാതെ മെട്രോമാൻ ഇ. ശ്രീധരൻ സങ്കടത്തിൽ പൊതിഞ്ഞ വിശദീകരണം കേരളീയർക്കു സമർപ്പിച്ച് സംസ്ഥാനത്തിന്റെ റെയിൽ പശ്ചാത്തല വികസനത്തിൽനിന്ന് പിന്മാറി. ലോകത്തെമ്പാടുമുള്ള മലയാളികളെ നോവിച്ച ഒരു യാത്ര പറച്ചിലായി അത്. 'സർക്കാർ വിളിച്ചാലും ഇനി വരില്ല' എന്നുകൂടി ആ 86കാരൻ വ്യക്തമാക്കി.
ഗവണ്മെന്റുകൾ വരും പോകും. പദ്ധതികൾ വരും, വൈകിയെങ്കിലും നടപ്പാകും. എന്നാൽ ഭരണത്തിന്റെയും വികസന പ്രവർത്തനത്തിന്റെയും ഒഴുക്കിൽ സത്യസന്ധതയുടെയും നന്മയുടെയും വിശ്വാസ്യതയുടെയും ആൾരൂപമായി ഒരാളെ കണ്ടെത്തുക പ്രയാസമാണ്. എന്നാൽ അതായിരുന്നു ഇ. ശ്രീധരൻ. രാജ്യത്തെ മെട്രോ - റെയിൽ പദ്ധതികളുടെ ഉപജ്ഞാതാവ്. കൊൽക്കത്ത മെട്രോയിൽനിന്നു തുടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തുന്ന കൊങ്കൺ റെയിൽപാത നിർമ്മിച്ച് ഡൽഹി മെട്രോ ലാഭകരമാക്കി ലഖ്‌നൗ - രാജസ്ഥാൻ മെട്രോകളുടെ ഉപദേഷ്ടാവായി ചരിത്രത്തിൽ ഇടം നേടിയ ഇ. ശ്രീധരൻ. പത്മശ്രീ-പത്മഭൂഷൻ ബഹുമതികളിലൂടെ രാജ്യം ആദരിച്ച ആ പാലക്കാട്ടുകാരനെ കേരള സർക്കാർ ഇങ്ങനെ അപമാനിച്ചും വേദനിപ്പിച്ചും പറഞ്ഞയക്കാൻ പാടില്ലായിരുന്നു.
മുഖ്യമന്ത്രിയുമായൊരു കൂടിക്കാഴ്ച രേഖാമൂലം ആവശ്യപ്പെട്ടിട്ടും, അതിനായി ഒരുമാസം കാത്തിരുന്നിട്ടും അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തിയാണ് തന്റെ തീരുമാനം വ്യാഴാഴ്ച ഇ. ശ്രീധരൻ പരസ്യമാക്കിയത്. ചുരുങ്ങിയത് അദ്ദേഹത്തിന്റെ പ്രായമെങ്കിലും മുഖ്യമന്ത്രി മാനിക്കേണ്ടതായിരുന്നു.
ഇ. ശ്രീധരന്റെ പത്രസമ്മേളനത്തിനു മുമ്പ് യാന്ത്രികവും സാങ്കേതികവുമായ പ്രതികരണമാണ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയത്. കരാർ കാലാവധി അവസാനിച്ചപ്പോൾ ഡി.എം.ആർ.സി പിന്മാറിയതാണെന്ന്. അങ്ങനെയൊരു വേറിട്ട കാഴ്ചപ്പാട് ഇപ്പോൾ എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നു. താൻ ആധികാരികതയോടെ പറയുന്നതെല്ലാം മറ്റുള്ളവർ വിശ്വസിക്കണമെന്ന്. സർക്കാറിന്റെ താൽപര്യക്കുറവാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പതിനഞ്ചു മാസമായിട്ടും നീങ്ങാത്തതെന്ന് ശ്രീധരന് വിശദീകരിക്കേണ്ടിവന്നു. എന്നും വിവാദങ്ങളെ അവഗണിച്ച് നിശബ്ദത പാലിച്ചു പോന്ന അദ്ദേഹം പോകാനുള്ള കാരണം ജനങ്ങളോട് തുറന്നുപറയാൻ നിർബന്ധിതനായി. ഒരു പണിയും ചെയ്യാതെ മാസംതോറും 16 ലക്ഷം രൂപ പ്രോജക്റ്റ് ഓഫീസുകൾക്ക് വാടകകൊടുത്ത് കാത്തിരിക്കുക സാധ്യമല്ല. നേരിൽ കണ്ടുപറയാൻ മുഖ്യമന്ത്രി സമയം അനുവദിച്ചതുമില്ല.
ഡൽഹി മെട്രോയിൽനിന്ന് ഔദ്യോഗികമായി പിരിഞ്ഞപ്പോൾ കേരളത്തിൽ വിശ്രമജീവിതത്തിനു വന്ന മെട്രോമാനെ എറണാകുളം മെട്രോയ്ക്കുവേണ്ടി നിർബന്ധിച്ചു കൊണ്ടുവന്നതായിരുന്നു. ഒടുവിലിപ്പോൾ ഇങ്ങനെ: ശ്രീധരനു വയസായി. ഒരാളെ മാത്രം ആശ്രയിച്ച് സർക്കാർ പദ്ധതികൾ നടത്താനാകില്ല. ശ്രീധരൻ എല്ലാറ്റിലും തലയിടുന്നത് എന്തിനാണ്. അയാൾ ഒരു പഞ്ചായത്തംഗംപോലും ആയിട്ടില്ലല്ലോ. കൊച്ചി മെട്രോതന്നെ ശ്രീധരൻ നഷ്ടത്തിലാക്കി. മുഖ്യമന്ത്രി മുതൽ പൊതുമരാമത്തു മന്ത്രി സുധാകരൻവരെ മുള്ളും മുനയുംവെച്ച് വാക്കുകൾകൊണ്ടും വരികൾക്കിടയിലും ആക്രമിക്കുന്നു. നിഷ്‌ക്കാമകർമ്മിയായ, രാജ്യമാകെ വിശ്വസിക്കുന്ന മഹാനായ ഒരു മനുഷ്യനെ ചിത്രവധം ചെയ്യുന്നു.
വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞത് വെള്ളിയാഴ്ച വീണ്ടും മുഖ്യമന്ത്രി വിശദീകരിച്ചു: ഇ. ശ്രീധരനുമായി എന്നും നല്ല ബന്ധത്തിലായിരുന്നു. പക്ഷെ, കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടും തിരക്കുകാരണം അനുവദിക്കാനായില്ല. കഴിഞ്ഞദിവസം ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ സദൃശ്യമായ പ്രതികരണം നടത്തി: 'ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിടേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഹൈക്കോടതിക്ക് ഹൈക്കോടതിയുടെ ന്യായങ്ങളുണ്ട്. അതെനിക്കറിയില്ല.' പിണറായി വിജയൻ മുമ്പും ഇങ്ങനെയാണ്. തന്റെ ന്യായങ്ങളാണ് ശരിയെന്നത് മാറ്റി ചിന്തിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവ്. അതിന്റെ തുടർച്ചയായി ഇപ്പോൾ ഭരണാധികാരി. ന്യായങ്ങൾ പരിശോധിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിവിധി. അതറിയാൻ ശ്രമിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യത. മുഖ്യമന്ത്രിയായതുകൊണ്ട് നിയമസഭയിൽ അത് അവഗണിച്ച് പറയാനുള്ള പരിരക്ഷ അദ്ദേഹത്തിനുണ്ട്. പുറത്തുകടന്നാൽ പണി വേറെ വേണ്ടിവരും.
അതുകൊണ്ടാണ് ഇപ്പോൾ സിംഗിൾ ബഞ്ചിന്റെ വിധിക്കെതിരെ ശുഹൈബ് കൊലക്കേസിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽകൊടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഡിവിഷൻ ബഞ്ച് തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽപോകും. സർക്കാറിന് ചെലവിനു പണമില്ലെങ്കിലും കേസു നടത്താൻ ഖജനാവിൽ പണമുണ്ട്.
ശ്രീധരനുമായി ബന്ധപ്പെട്ട് തുടക്കത്തിൽപറഞ്ഞ നന്മയുടെയും സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും പ്രശ്‌നം ഒരിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പൊതുജീവിതത്തിൽ പരിഗണിച്ചവയല്ല. ശുഹൈബിന്റെ കുടുംബമാണ് സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലാതെ ഹൈക്കോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. 'പടച്ചവൻ നേരിട്ടിറങ്ങിവന്ന് അനുവദിച്ച നീതി. സഹോദരനെ ഇല്ലാതാക്കിയവരെ സഹായിക്കുന്നവരോട് ഏറെ വിഷമം തോന്നിയിരുന്നു' - ശുഹൈബിന്റെ സഹോദരി കോടതിവിധിയെക്കുറിച്ച് പ്രതികരിച്ചത് അങ്ങനെയാണ്. സഹോദരനെ ഇല്ലാതാക്കിയവരെ ഇപ്പോൾ കേരള ഗവണ്മെന്റ് സഹായിക്കുന്നു, അഥവാ മുഖ്യമന്ത്രി സഹായിക്കുന്നു. അപ്പീൽ തീരുമാനം തീർച്ചയായും ശുഹൈബിന്റെ കുടുംബത്തിന്റെ മനസുകളെ കീറിമുറിക്കും.
ഇങ്ങനെ വേറിട്ട പറച്ചിലിന് വിദഗ്ധനായ പിണറായി വിജയൻ ഡി.എം.ആർ.സിയുടെ കരാറിലും അതുതന്നെയാണ് ചെയ്തത്. ശ്രീധരൻ കാത്തിരിക്കുമ്പോഴും. അദ്ദേഹത്തിനു താൽപര്യമുള്ള തലശേരി - മൈസൂർ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുന്ന റിപ്പോർട്ടെഴുതി കൊടുക്കാൻ താൻ തയാറായില്ലെന്ന് ശ്രീധരൻ ഓർമ്മിക്കുകയുണ്ടായി. കേന്ദ്രത്തിന് ഒരു കള്ളറിപ്പോർട്ട് എഴുതിക്കൊടുക്കുന്നത് എങ്ങനെയെന്ന് നിഷ്‌ക്കളങ്കനായ ആ പശ്ചാത്തല എഞ്ചിനിയറിംഗ് ശാസ്ത്ര സവ്യസാചി പത്രസമ്മേളനത്തിൽ ചോദിക്കുകയും ചെയ്തു.
അപ്പോൾ അതുതന്നെയാണ് പ്രശ്‌നം. കൊച്ചിൻ മെട്രോ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി പിണറായി വിജയനും കിട്ടാത്ത കയ്യടി ഇ. ശ്രീധരന് സദസ് സ്വയം മറന്ന് കൊടുത്തപ്പോൾതന്നെ ഡി.എം.ആർ.സിയും അതിന്റെ ഉപദേഷ്ടാവ് ശ്രീധരനും കരാറിൽനിന്ന് പുറത്തുപോയിക്കാണും. രണ്ടര കോടിയോളം രൂപ ഓഫീസ് വാടകകൊടുത്ത് ലൈറ്റ് മെട്രോ പദ്ധതി ഏൽപിച്ച്
കിട്ടുമെന്നും, കൂടിക്കാഴ്ചയ്ക്ക് അനുമതി കിട്ടുമെന്നും പ്രതീക്ഷിച്ച് ഇ. ശ്രീധരൻ കാത്തത് അദ്ദേഹത്തിന്റെ മാന്യത. പക്ഷെ, കേരളത്തിൽ മെട്രോ പദ്ധതി കൈകാര്യംചെയ്യാൻ മിടുക്കന്മാർ വേറെയുണ്ടെന്ന് മുഖ്യമന്ത്രി ഇതിനകം കണ്ടെത്തിക്കാണണം. അതിനുവേണ്ട ഉപദേശകർ അദ്ദേഹത്തിനുണ്ടല്ലോ. പാവം, പത്മഭൂഷൺ ശ്രീധരൻ.