Sorry, you need to enable JavaScript to visit this website.

വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട കേസിലെ പ്രതിക്ക് മറ്റൊരു കേസില്‍ കഠിനതടവ്

ഇടുക്കി- തൊടുപുഴ പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയില്‍ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയിക്ക് മറ്റൊരു കൊലപാതക ശ്രമക്കേസില്‍ നാലുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിയെയാണ് (48) തൊടുപുഴ രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജ് ജി അനില്‍ പുറപ്പെടുവിച്ച വിധിപ്രസ്താവത്തില്‍ പറയുന്നു.

2021 സെപ്റ്റംബറിലാണ് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ശിക്ഷ ലഭിച്ചത് 2018 ഏപ്രില്‍ മൂന്നിന് നടന്ന മറ്റൊരു കൊലപാതകശ്രമക്കേസിലാണ്. ബിനോയി, അയല്‍വാസിയായ പണിക്കന്‍കുടി കുഴിക്കാട്ട് വീട്ടില്‍ സാബുവിനെയാണ് (51) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ തമ്മില്‍ പടുതാക്കുളത്തിലെ വെള്ളം ചോര്‍ത്തിക്കളയുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ച് മണിക്ക് പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച് സാബുവിനെ വീടിന് സമീപത്ത് ബിനോയ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് സാബുവിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്റ്റംബര്‍ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുകയാണ് പ്രതി ഇപ്പോള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏബിള്‍ സി. കുര്യന്‍ ഹാജരായി.

 

 

Latest News