തിരുവനന്തപുരം- കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോര്‍ച്ചയെ കുറിച്ചു ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട യു. പ്രതിഭ എം.എല്‍.എ ഖേദ പ്രകടനവുമായി രംഗത്ത്. വ്യക്തിപരമായ മാനസികാവസ്ഥയിലാണ് അത്തരം ഒരു പോസ്റ്റ് എഴുതാന്‍ ഇടയായത്. അത് മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കിയതില്‍ ദുഃഖമുണ്ട്. തന്റെ പാര്‍ട്ടിക്ക് അഹിതവും അപ്രിയവുമായ ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റില്‍ പ്രതിഭ പറഞ്ഞു.
കാരണങ്ങളില്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍നിന്നുണ്ടാകുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങള്‍കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയില്‍ അതു മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കും. തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തില്‍നിന്നുണ്ടായ സാഹചര്യത്തിലാണ് പോസ്റ്റിട്ടതെന്നും അതില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രതിഭ പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍നിന്നു കുറച്ചു കാലത്തേക്കു വിട്ടുനില്‍ക്കുകയാണെന്നും പ്രതിഭയുടെ പുതിയ പോസ്റ്റില്‍ അറിയിച്ചു. കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന പ്രതിഭയുടെ പോസ്റ്റാണ് നേരത്തെ വിവാദമായത്. ഏറ്റവും കൂടുതല്‍ വോട്ടുചോര്‍ന്നത് കായംകുളത്തു നിന്നാണെന്നും തനിക്കെതിരേ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിനെതിരേ സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തുകയും പ്രതിഭയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ചു പ്രതിഭ വീണ്ടും പോസ്റ്റിട്ടത്.