കൊച്ചി- തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. കുട്ടിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും സ്വയംപരിക്കേല്‍പിച്ചതാണെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ടിജിന്‍. ഇയാളെ വെള്ളി രാവിലെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നും നിലവില്‍ ഇയാള്‍ പ്രതിയല്ലെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. ഇതുവരെ നടന്ന അന്വേഷണത്തില്‍ കുട്ടി ഹൈപ്പര്‍ ആക്ടീവായിരുന്നുവെന്ന നിഗമനത്തിലേക്കാണ് പോലീസും നീങ്ങുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരും കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മയും ആവര്‍ത്തിക്കുന്നുണ്ട്. ടിജിന്‍ മകളെ അടിക്കുന്നതായി താന്‍ കണ്ടിട്ടില്ല. മകള്‍ക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണ്. ജനലിന്റെ മുകളില്‍ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും പറ്റിയിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേല്‍ വീണ്ടും മകള്‍ മുറിവുകള്‍ ഉണ്ടാക്കുകമായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിക്ക് പ്രേതബാധയുണ്ടെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
കുഞ്ഞിന്റെ പിതാവ് ഇന്നലെ കുടുംബത്തിനും ആന്റണി ടിജിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ആന്റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ഇയാള്‍ പറഞ്ഞത്. കൂടാതെ ആന്റെണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പോലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.