കണ്ണൂർ- മുസ്ലിം സമുദായത്തിനകത്ത്‌നിന്ന് സി.പി.എം സമീപകാലത്ത് നേരിടുന്ന പ്രതിഷേധത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ഇ.പി ജയരാജന്റെ ആരോപണമെന്ന് കെ. സുധാകരൻ. മുസ്ലിം സമുദായത്തിന്റെ സംരക്ഷകനായി സ്വയം ചമയുന്ന ജയരാജന്റെ സാമ്രാജ്യം തകർന്നിരിക്കുകയാണ്. മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് കണ്ണൂർ ലോക്‌സഭ സീറ്റിൽനിന്ന് മത്സരിക്കാൻ ജയരാജൻ നീക്കം നടത്തുന്നുണ്ട്.
ഗുജറാത്തിൽ മുസ്്‌ലിം സമുദായത്തെ സംഘടിതമായ ആക്രമിച്ച പോലെയാണ് കേരളത്തിലും സി.പി.എം ചെയ്തത്. പന്ന്യന്നൂരിൽ 68 മുസ്്‌ലിം വീടുകളാണ് സി.പി.എം തകർത്തത്. നാദാപുരത്തും ഇത് തന്നെ സംഭവിച്ചു. നാദാപുരത്ത് 65 വയസുള്ള കുഞ്ഞഹമ്മദ് ഹാജി അടക്കം ഏഴുപേരെ സി.പി.എം വെട്ടിക്കൊന്നു. ഫസൽ, ശുക്കൂർ, ശുഹൈബ് അടക്കം നിരവധി മുസ്്‌ലിം ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്തി. 1971-ലെ തലശേരി കലാപത്തിന് പിന്നിൽ സി.പി.എമ്മാണ്. മുസ്ലിം സമുദായത്തെ ഭീതിയിൽ നിർത്താൻ വേണ്ടിയാണ് കലാപം ആസൂത്രണം ചെയ്തത്. കള്ളുഷാപ്പിൽ കള്ളുകുടിച്ച് മരിച്ച സി.പി.എം പ്രവർത്തകൻ പള്ളിക്ക് കാവൽ കിടക്കുമ്പോൾ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയെന്നാണ് സി.പി.എം പ്രചരിപ്പിച്ചത്. തലശേരി കലാപത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ച് 1972-ൽ സി.പി.ഐ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.