രണ്ടു ഡോസ് വാക്‌സിൻ എടുത്ത സൗദിയിലേക്ക് മടങ്ങാനുള്ള പ്രവാസികൾക്ക് എട്ടു മാസത്തിനുള്ളിലായി ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാനുള്ള സംവിധാനം സർക്കാർ ഒരുക്കണം. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്രവാസികളെ സഹായിക്കണം. അതല്ലെങ്കിൽ നൂറുകണക്കിനു പേർക്ക് ഇതുമൂലം യാത്ര മുടങ്ങുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും.
കോവിഡിന്റെ ദുരിത പെയ്ത്തിൽ ഏറെ പ്രയാസം അനുഭവിച്ചവരാണ് പ്രവാസികൾ. മഹാമാരി തീർത്ത കഷ്ടനഷ്ടങ്ങളിൽ പെടാത്തവരായി ലോകത്താരുമില്ലെങ്കിലും പ്രവാസികൾ അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും വിവരണാതീതമാണ്. സാമ്പത്തിക പ്രയാസങ്ങളേക്കാളുമേറെ മാനസിക വ്യഥ ഏറെ അനുഭവിച്ചവരാണവർ. രണ്ടു വർഷം പന്നിട്ടിട്ടും അതിനിപ്പോഴും അറുതിയായിട്ടില്ല. കോവിഡ് തുടങ്ങിയ കാലത്ത് ആട്ടിയോടിക്കപ്പെട്ട വിഭാഗത്തിന് നാട്ടുകാരുടെയും വീട്ടുകാരുടെയും ഭരണകർത്താക്കളുടെയും വിശ്വാസം വീണ്ടെടുത്ത് നാട്ടിലെത്തിപ്പെടാനും സ്വന്തം വീടുകളിൽ അന്തിയുറങ്ങാനും ഏറെ പണിപ്പെടേണ്ടി വന്നു. കോവിഡ് തരംഗം മൂന്നു ഘട്ടങ്ങളിലായി ലോകജനതയെ ഒന്നാകെ പിടിച്ചുലച്ച് ആഞ്ഞു വീശിയിട്ടും എവിടെയും ചൂണ്ടുവിരൽ പ്രവാസിക്കു നേരെയായിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ ശാസ്ത്രീയ നടപടികളും പ്രതിരോധ കുത്തിവെപ്പുകളുമെല്ലാം സ്വീകരിച്ച് നാട്ടിലെത്തിയാലും ക്വാറന്റൈൻ കൽപിച്ച് എന്നിട്ടുമവരെ അകറ്റി നിറുത്തി. അവരുടെ യാത്രകൾക്ക് ആവശ്യത്തിലുമേറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇതിന്റെ പരിണതഫലമായി ഇന്നും മടങ്ങിപ്പോകാനാവാതെ തൊഴിൽ നഷ്ടപ്പെട്ടും സാമ്പത്തിക ക്ലേശങ്ങൾ നേരിട്ടും നാട്ടിൽ കുടുങ്ങിയവർ ആയിരങ്ങളാണ്.
പ്രവാസികൾക്ക് നിയന്ത്രണങ്ങൾക്കു മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോഴെല്ലാം തങ്ങൾക്കിതൊന്നും ബാധകമല്ലെന്നു കാണിച്ച് നാട്ടുകാർ തിമിർത്താടുകയായിരുന്നു. രാഷ്ട്രീയ, ഭരണകർത്താക്കൾ ഇതിനെല്ലാം ചൂട്ടുപിടിക്കുകയും ചെയ്തു. ഇതിനിടയിൽ കിടന്ന് വീർപ്പു മുട്ടി നട്ടംതിരിഞ്ഞ പ്രവാസകൾക്ക് ഓരോ അവകാശങ്ങളും നേടിയെടുക്കാൻ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. നാടിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച, രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിനു കരുത്തേകുന്ന വിഭാഗത്തിന് അർഹിക്കുന്ന ഒരു പരിഗണനയും ലഭിച്ചില്ല. ജോലി തേടിപ്പോകുന്നതിനുള്ള ടെസ്റ്റുകൾക്കും സാക്ഷ്യപ്പെടുത്തലുകൾക്കുമെല്ലാം അമിത നിരക്ക് ഈടാക്കി ചൂഷണം ചെയ്യുകയായിരുന്നു. നാടിന്റെ അഭിവൃദ്ധിക്കായി ഉറ്റവരെയും ഉടയവരെയും വിട്ടകന്ന് കഠിനാധ്വാനം ചെയ്യുന്ന വിഭാഗമായിരുന്നിട്ടും പരിഗണനകൾക്കു പകരം അവഗണനയായിരുന്നു. ഒരാഴ്ച അവധിയിലെത്തുന്നവർക്കു പോലും ഒരാഴ്ച ക്വാറന്റൈൻ വിധിച്ചായിരുന്നു അവസാന ഘട്ടത്തിലും പീഡനം. ഏറെ പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങൾക്കുമൊടുവിലാണ് പ്രവാസികളുടെ മേൽ അധികമായി അടിച്ചേൽപിച്ചിരുന്ന നിയന്ത്രണങ്ങൾ ഓരോന്നായി നീക്കപ്പെട്ടത്. പക്ഷേ പൂർണ മോചനം ഇനിയുമായിട്ടില്ല.
ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലമുണ്ടായാലും ചില രാജ്യങ്ങളിലേക്കു പോകണമെങ്കിൽ വിമാനത്താവളത്തിലെ ആന്റിജൻ ടെസ്റ്റ് നടത്തി അവിടെയും കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമ്പാദിക്കണം. പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ഫലവുമായി വിമാനത്താവളത്തിലെത്തുമ്പോഴേക്കും അത് പോസിറ്റിവ് ആയി മാറുന്ന പ്രതിഭാസത്തിന്റെ പേരിൽ യാത്ര മുടങ്ങിയവർ നിരവധിയാണ്. പി.സി.ആർ ടെസ്റ്റിന്റെ ഫലം തന്നെ വിവിധ ലാബുകളിൽ വിവിധ രീതിയിലാണ്. ഒരിടത്ത് പോസിറ്റിവ് കാണിച്ചാൽ മറ്റൊരിടത്ത് നെഗറ്റീവ് കാണിക്കും. ഒന്നിനും ഒരു വ്യവസ്ഥയും സ്ഥിരതയും ഇല്ലാത്ത അവസ്ഥ. ഇതിന്റെ പേരിൽ നട്ടംതിരിഞ്ഞ് നെഗറ്റീവ് ഫലവുമായി മണിക്കൂറുകൾക്കകം വിമാനത്താവളത്തിലെത്തുമ്പോഴേക്കും അവിടത്തെ ടെസ്റ്റിഗ് മെഷീനുകളിൽ അത് പോസിറ്റിവായി മാറും. വിമാന യാത്രയെന്നാൽ തന്നെ കഷ്ടപ്പാടിന്റേതാണ്. ലഗേജും കുട്ടികളുമൊക്കെയായി പോകുന്നവർപെടുന്ന പെടാപ്പാട് ചില്ലറയല്ല. സകലവിധ സുരക്ഷാ പരിശോധനകളും നേരിട്ട് വിമാനത്തിൽ കയറാനുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലെത്തുമ്പോഴാണ് ആന്റിജൻ വിധിയെഴുത്ത് പ്രതികൂലമായി യാത്ര മുടങ്ങുന്നത്. ഈ പരിശോധന ഇപ്പോൾ ഏതാനും ചില രാജ്യങ്ങൾക്കു മാത്രമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പീഡനം ബൂസ്റ്റർ ഡോസിന്റെ പേരിലാണ്. പ്രത്യേകിച്ച് സൗദി അറേബ്യക്കു പോകാനുള്ളവർക്ക് ഇതിന്റെ പേരിൽ ഇപ്പോൾ ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ്. സെക്കന്റ് ഡോസ് എടുത്ത് എട്ടു മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെങ്കിൽ സൗദിയിൽ പ്രവേശനം തടയുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും ഇതിന്റെ പേരിൽ യാത്ര പോലും അനുവദിക്കാത്ത സാഹചര്യമാണ് നാട്ടിൽ നിലനിൽക്കുന്നത്.
സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിലെ ചിലയിടങ്ങളിൽ പ്രവേശിക്കുന്നതിന് അനുമതി ലഭിക്കാൻ തവക്കൽനയിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ സെക്കന്റ് ഡോസ് എടുത്ത് എട്ടു മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്ന നിയന്ത്രണം മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ പേരിൽ വിദേശത്തുനിന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ടായിട്ടില്ല. എന്നാൽ ഇന്ത്യയിൽനിന്നു പല വിമാനക്കമ്പനികളും ഇതിന്റെ പേരിൽ യാത്ര നിഷേധിക്കുകയാണ്. സൗദിയിൽനിന്ന് രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവരാണെങ്കിൽ സൗദിയിലെത്തി അഞ്ചു ദിവസം ഹോട്ടൽ ക്വാറന്റൈനിൽ പോയാൽ മതി. അതിനു തയാറായിട്ടും ബൂസ്റ്ററിന്റെ പേരിലാണ് ഇപ്പോൾ യാത്രാ തടസ്സം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സൗദിയിൽ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞവർക്കു പോലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിലാകട്ടെ, സെക്കന്റ് ഡോസ് എടുത്ത് ഒൻപതു മാസം കഴിഞ്ഞവർക്കും അല്ലെങ്കിൽ അറുപത് പിന്നിട്ടവർക്കുമാണ് ഇപ്പോൾ ബൂസ്റ്റർ നൽകുന്നത്. ഇതുമൂലം സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള പോലെ സെക്കന്റ് ഡോസ് എടുത്ത് എട്ടു മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്ത് തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് നിലനിർത്താൻ കഴിയാത്ത സാഹചര്യമാണ് നാട്ടിൽ കഴിയുന്ന സൗദി പ്രവാസികൾക്കുള്ളത്. ഇതിനു പരിഹാരം ഉണ്ടാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുകളുണ്ടാവണം. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പ്രവാസികളെ സഹായിക്കാൻ രംഗത്തു വരണം.
സൗദിയിലേക്ക് മടങ്ങാനുള്ള രണ്ടു ഡോസ് വാക്‌സിൻ എടുത്ത പ്രവാസികൾക്ക് എട്ടു മാസത്തിനുള്ളിലായി ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാനുള്ള സംവിധാനം സർക്കാർ ഒരുക്കണം. ഇതിനായി നിലവിലെ ചടങ്ങളിൽ ഭേദഗതി വരുത്തി പ്രവാസികളെ സഹായിക്കണം. അതല്ലെങ്കിൽ നൂറുകണക്കിനു പേർക്ക് ഇതുമൂലം യാത്ര മുടങ്ങുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. പ്രവാസി സംഘടനകൾ ഇതിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിവേദനമായും മറ്റും ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇനിയും അമാന്തം കാണിക്കാതെ പ്രവാസികളുടെ തുണക്ക് സർക്കാർ തയാറാവണം. അതുപോലെ പി.സി.ആർ ടെസ്റ്റ് പരിശോധനാ ലാബുകളുടെ ഗുണമേന്മയും പരിശോധനക്കു വിധേയമാക്കണം. എങ്കിൽ മാത്രമേ വിശ്വസനീയമായി ഏതു ലാബുകളെയും സമീപിക്കാൻ ആർക്കും കഴിയൂ. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രവാസികൾക്ക് ആശ്വാസം പകരാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് താമസിയാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.