ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മാതാവിൻ വാത്സല്യ ദുഗ്ധം പകർന്നാലെ
പൈതങ്ങൾ പൂർണ വളർച്ച നേടൂ'
മാതൃഭാഷയുടെ മധുരവും വാത്സല്യവും ആവോളം അനുഭവിച്ചറിഞ്ഞവരായിരുന്നു നമ്മുടെ മുൻ തലമുറ.
ലോകത്തിന്റെ ഏത് ഭാഗത്ത് താമസിച്ചാലും ജന്മനാടിന്റെ ഓർമകളും കേരളത്തിന്റെ സാംസ്‌കാരിക തനിമയും നിലനിർത്താൻ കേരളീയർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആ ജീവിതക്രമവും ചര്യകളും കേരളീയ സമൂഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തർ ആക്കുകയും ലോക സമൂഹത്തിന്റെ അംഗീകാരം നേടിത്തരികയും ചെയ്തു. പക്ഷേ മാതൃഭാഷക്ക് മലയാളികൾ നൽകിവരുന്ന പരിഗണന ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ.
മക്കൾക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. സ്‌കൂളിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ കാലു തട്ടി മറിഞ്ഞുവീണ കുട്ടി മലയാളത്തിൽ നിലവിളിച്ചു എന്ന് പറഞ്ഞു ശിക്ഷ നൽകിയ വാർത്ത അടുത്ത കാലത്ത് എറണാകുളത്തെ ഒരു സ്‌കൂളിൽ നിന്നും നമ്മൾ അറിഞ്ഞു. സ്‌കൂൾ പരിസരത്ത് മലയാളം പറഞ്ഞതിന് കുട്ടികൾക്ക് ശിക്ഷ നൽകുന്ന ഒട്ടനവധി വാർത്തകൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു.
മാതൃഭാഷ പറയുന്നത് പഴഞ്ചനാണ് എന്ന ഒരു ചിന്ത പുത്തൻ തലമുറയിലെ കുട്ടികളിലേക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ അടിച്ചേൽപിക്കുന്നു. അമ്മിഞ്ഞപ്പാൽ പോലെ മാതൃഭാഷയും ഒരു കുഞ്ഞിന്റെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുന്നതാണ് എന്ന് അറിഞ്ഞിട്ടും അതിനെ നിരാകരിക്കാൻ അറിഞ്ഞോ അറിയാതെയോ ശ്രമം നടക്കുന്നു.
ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാര ഭാഷയാണ് മലയാളം. ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ചു വത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുന്ന മലയാളത്തിന് സംസ്‌കൃതം,
തമിഴ് എന്നീ ഭാഷകളുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ട്. മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ വിദേശ ഭാഷാ ചരിത്രകാരനായ കാൾട്വൽ മലയാളം തമിഴിൻെറ ശാഖയാണ് എന്ന അഭിപ്രായക്കാരനായിരുന്നു .
അതിനു ശേഷം എ.ആർ. രാജരാജ വർമ, ഉള്ളൂർ എന്നിവരും മലയാള ഭാഷയുടെ ഉൽപത്തിയെക്കുറിച്ച് പഠനം നടത്തിയിരുന്നു.
അന്ന് ഉപയോഗിച്ചിരുന്ന ചെന്തമിഴ്, കൊടുന്തമിഴ് എന്നിവയിൽ കൊടുന്തമിഴ് രൂപഭേദം പ്രാപിച്ചു മലയാളമായി മാറി എന്നാണ് എ ആർ അഭിപ്രായപ്പെട്ടത്.
ഹെർമൻ ഗുണ്ടർട്ട് എന്ന ജർമ്മൻ പാതിരിയാണ് ആദ്യമായി മലയാള നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും മലയാളികൾക്ക് നൽകിയത്. ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാ ശാകുന്തളം, അതോടൊപ്പം തന്നെ കേരള വർമ്മ വലിയ കോയിത്തമ്പുരാൻ കാളിദാസ കവിയുടെ അഭിജ്ഞാന ശാകുന്തളം, വോൺ ലിംബർഗിന്റെ അക്ബർ എന്നിവയുടെ തർജമ തുടങ്ങിയവ ആധുനിക മലയാള സാഹിത്യത്തിനു ശക്തമായ അടിത്തറ പാകി. എ.ആർ. രാജരാജ വർമയുടെ സാന്നിധ്യവും ദ്വിതീയ പ്രാസം പോലെയുള്ള കവന രീതിയോട് അദ്ദേഹം കാണിച്ചിരുന്ന വിമുഖതയും എതിർപ്പും ലളിതവൽക്കരിക്കപ്പെട്ട കവന രീതികൾക്ക് തുടക്കം കുറിച്ചു.
ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമായി ആധുനിക തലമുറയിൽ എത്തി നിൽക്കുമ്പോൾ ലോക സാഹിത്യത്തോടെ തന്നെ മത്സരിക്കാൻ കഴിയുന്ന സാഹിത്യ സൃഷ്ടികളും സാഹിത്യകാരന്മാരെയും സംഭാവന നൽകാൻ മലയാള ഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മൾ വർഷങ്ങളായി സമരം നടത്തി നേടിയെടുത്ത ശ്രേഷ്ഠ പദവിയും ഭരണ ഭാഷ മലയാളമാക്കാനുള്ള തീരുമാനവും ഒക്കെ പ്രതീക്ഷ പകരുമ്പോളും പുത്തൻ തലമുറ മാതൃഭാഷയ്ക്ക് നേരെ പുറം തിരിയുന്ന കാഴ്ച വേദന പകരുന്നു. മലയാളം മംഗ്ലീഷിൽ പറയുന്ന ചാനൽ അവതാരകരും മാതൃഭാഷയിൽ കരഞ്ഞാൽ പിഴ ചുമത്തുന്ന സ്‌കൂൾ അധികാരികളുമൊക്കെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെയുള്ള ബോധവൽക്കരണം ഏതെങ്കിലും സർക്കാരുകളുടെയോ എഴുത്തുകാരുടെയോ മാത്രം ബാധ്യതയല്ല. ലോക വിപണിയിൽ മത്സരിക്കാൻ മക്കളെ പ്രാപ്തരാക്കാൻ ഇംഗ്ലീഷ് പഠിപ്പിക്കുന്നതോടോപ്പം അമ്മിഞ്ഞപ്പാലിന്റെ മധുരം പകരുന്ന അമ്മമലയാളവും കുട്ടികളിലേക്ക് പകർന്നു നൽകണം.
മാതൃഭാഷയിൽ കരയാൻ കഴിയുന്ന തലമുറയാണ് നമുക്കാവശ്യം. അവർ മലയാളത്തിന്റെ മാധുര്യം നുകർന്ന് വളരട്ടെ. ലോകമാതൃ ഭാഷാ ദിനം മലയാളികൾക്ക് പുനർവിചിന്തനത്തിനുള്ള അവസരമാകട്ടെ.
ആറു മലയാളിക്കു നൂറുമലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല..!
കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ മലയാളം ഇല്ലാത്ത മലയാളിയാകാതെ മാതൃഭാഷയെ സ്‌നേഹിക്കുന്നവരായി മലയാളികൾ മാറട്ടെ.
(തൃശൂർ ശ്രീകേരള വർമ കോളേജ് ചരിത്ര വകുപ്പ് മേധാവിയാണ് ലേഖിക)