മക്ക - വിദേശങ്ങളില്‍നിന്നുള്ള ഉംറ തീര്‍ഥാടകരെ അതിഥികളായി സ്വീകരിക്കാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവസരമൊരുക്കുമെന്ന് അറിയിച്ചിരുന്ന ആതിഥേയ ഉംറ വിസ റദ്ദാക്കി.
ആതിഥേയ ഉംറ വിസ സംവിധാനം റദ്ദാക്കിയതായി ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയത്. വ്യവസ്ഥകള്‍ക്ക് വിധേയമായി ആതിഥേയ ഉംറ വിസ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഈ വിസ ഏര്‍പ്പെടുത്താന്‍ സമയം നിശ്ചയിച്ചിട്ടില്ലെന്നും നടപ്പിലാക്കുന്നപക്ഷം ഔദ്യോഗിക ചാനലുകള്‍ വഴി യഥാസമയം അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നുണ്ടെങ്കില്‍ ഏഴു വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഇഅ്തമര്‍നാ ആപ്പ് വഴി ബുക്ക് ചെയ്താല്‍ ഉംറ പെര്‍മിറ്റ് അനുവദിക്കും. ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തവക്കല്‍നാ ആപ്പിലെ ഡാഷ്‌ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജനന തീയതിയും ഇഅ്തമര്‍നാ ആപ്പില്‍ നല്‍കിയ ജനന തീയതിയും ഒന്നാണെന്ന് ഉറപ്പുവരുത്തണമെന്നും ഇഅ്തമര്‍നാ ആപ്പിലെ തകരാറിനെ കുറിച്ചുള്ള ചോദ്യത്തിന് ഹജ്, ഉംറ മന്ത്രാലയം മറുപടി നല്‍കി.