തൃശൂർ - മൂത്രതടസ്സത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വൃദ്ധന്റെ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ആയിരത്തലേറെ കല്ലുകൾ. വള്ളിവട്ടം സ്വദേശിയായ 79 കാരനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രണ്ടര മണിക്കൂർ നീണ്ടു നിന്ന എൻഡോസകോപ്പിക് സർജറിയിലൂടെയാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്. സ്കാനിംഗിൽ കല്ലുകൾ അത്ര ദൃശ്യമായിരുന്നില്ലെന്നും കല്ലുകൾ ബ്ലോക്കായി മൂത്രസഞ്ചിയിൽ കിടക്കുകയായിരുന്നുവെന്നും ശസ്ത്രക്രിയക്ക് നേത്യത്വം നല്കിയ ഡോ. എം ആർ.ജിത്തുനാഥ് പറഞ്ഞു. സാധാരണ പത്തോളം കല്ലുകൾ മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇത്രയധികം കല്ലുകൾ ലഭിക്കുന്നത് ആദ്യമാണെന്നും ഡോക്ടർ പറഞ്ഞു. അനസ്തേഷ്യസ്റ്റ് ഡോ. അഞ്ജു കെ ബാബു, സിസ്റ്റർമാരായ സോണിയ, ജെസ്സി എന്നിവരാണ് ടീമിലുണ്ടായിരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ രോഗി ചേർന്നിരുന്നതിനാൽ ഒരു ലക്ഷത്തോളം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായിരുന്നുവെന്നും രോഗി സുഖം പ്രാപിച്ച് വരികയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.