Sorry, you need to enable JavaScript to visit this website.

അതിർത്തിത്തർക്കം മുറുകുന്നു; അട്ടപ്പാടിയിൽനിന്ന് ഊട്ടിയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നില്ല

പാലക്കാട്- അതിർത്തിത്തർക്കം മുറുകുന്നു, അട്ടപ്പാടിയിൽ നിന്ന് ഊട്ടിയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നത് തമിഴ്‌നാട് തടഞ്ഞു. അട്ടപ്പാടി മുള്ളിയിൽനിന്ന് മഞ്ചൂർ വഴി ഊട്ടിയിലേക്കുള്ള റോഡിലൂടെ സഞ്ചാരികളെ നിരോധിച്ചു കൊണ്ടാണ് അയൽ സംസ്ഥാനം നടപടിയെടുത്തിരിക്കുന്നത്. മുള്ളിയിലെ സംസ്ഥാനാതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ 50 മീറ്ററോളം സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 
പ്രത്യേക മുന്നറിയിപ്പൊന്നുമില്ലാതെയാണ് ചൊവ്വാഴ്ച മുതൽ റോഡിൽ ഗതാഗതം നിരോധിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതിനെത്തുടർന്ന് സംസ്ഥാനത്തുനിന്ന് മുള്ളി വഴി ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും തുടങ്ങിയതിനിടെയാണ് നടപടി. കാട്ടാനകൾ ഇണ ചേരുന്ന കാലമായതിനാലാണ് മുള്ളി മഞ്ചൂർ റോഡിൽ വാഹനഗതാഗതം നിരോധിച്ചത് എന്നാണ് അയൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ തമിഴ്‌നാട് ഭാഗത്ത് വാഹനങ്ങൾക്ക് നിയന്ത്രണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിർത്തിത്തർക്കമാണ് കടുത്ത നടപടിയിലേക്ക് തമിഴ്‌നാടിനെ എത്തിച്ചത് എന്നാണ് റിപ്പോർട്ട്. വിഷയം പരിഹരിക്കാൻ ഇടപെടുമെന്നും ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ നടന്നു വരികയാണ് എന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. 
വടക്കൻ കേരളത്തിൽനിന്ന് ഊട്ടിയിലേക്ക് പോകുന്നവരുടെ പ്രിയപ്പെട്ട റൂട്ടായി മാറിക്കൊണ്ടിരിക്കുകയാണ് അട്ടപ്പാടി-മഞ്ചൂർ-ഊട്ടി റോഡ്. അട്ടപ്പാടിയിൽനിന്ന് ഇതുവഴി ഊട്ടിയിലേക്ക് 60 കിലോമീറ്ററേയുള്ളൂ. വനപ്രദേശത്തു കൂടിയുള്ള യാത്ര സന്ദർശകർക്ക് പുതുമയുള്ള അനുഭവമായിരിക്കും. വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കേരള സർക്കാർ അട്ടപ്പാടി താവളത്തുനിന്ന് മുള്ളിയിലേക്കുള്ള റോഡ് 133 കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. 
അതിർത്തിയിലെ 50 മീറ്റർ ഭൂമിയെക്കുറിച്ചാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം. മുള്ളിയിലെ കേരള പോലീസിന്റെ ചെക്‌പോസ്റ്റിൽ നിന്ന് 50 മീറ്റർ മാറിയാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റ്. കൃത്യമായ അതിർത്തി നിർണയം നടക്കാത്ത പ്രദേശത്ത് റോഡ് ഗതാഗതം സജീവമായതോടെയാണ് ഇരു സംസ്ഥാനങ്ങളും ആ ഭൂമിക്കു വേണ്ടി അവകാശവാദമുന്നയിച്ചത്. ഗതാഗതം നിരോധിച്ചത് പ്രാദേശികമായ എതിർപ്പിന് ഇടയായിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾക്ക് നിയന്ത്രണം ബാധകമല്ലെന്നും വിനോദസഞ്ചാരികൾക്ക് മാത്രമേ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് തമിഴ്‌നാട് വനംവകുപ്പിന്റെ വിശദീകരണം.

Latest News