കോഴിക്കോട്- ഒരുമിച്ച് ജീവിക്കാനുള്ള നിയമ പോരാട്ടത്തില്‍ സഹായിച്ച പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറഞ്ഞ് ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും. വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനു പിന്നലെ സേലത്തുനിന്ന് കോഴിക്കോട്ടെത്തിയ അവര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി. അബൂബക്കറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോളേജിലേക്ക് മടങ്ങിപ്പോകുന്നതിനു മുമ്പ് വീണ്ടും മാധ്യമങ്ങളെ കണ്ട് വിശദമായി സംസാരിക്കുമെന്ന് ഹാദിയ പറഞ്ഞു.
സുപ്രീം കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലര്‍ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാനാണു ചെയര്‍മാനെ കണ്ടതെന്നും ഇരുവരും പറഞ്ഞു. മറ്റു പല സംഘടനകളും പിന്തുണച്ചെങ്കിലും സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ എല്ലാ സഹായവും നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഷെഫിന്‍ പറഞ്ഞു. വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശ്യമെന്നും ഷെഫിന്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് സേലത്തുനിന്ന് പുറപ്പെട്ട ഷെഫിനും ഹാദിയയും രാത്രി വൈകിയാണ് നാട്ടിലെത്തിയത്. സേലം ഹോമിയോ മെഡിക്കല്‍ കോളേജില്‍നിന്ന് മൂന്നു ദിവസത്തെ അവധിയെടുത്താണ് ഹാദിയ മടങ്ങിയത്.