കൊച്ചി- പത്തടിപ്പാലത്തെ 347 ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആലുവയില്‍നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നു പേട്ട്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രെയിന്‍ ഉണ്ടാകും. പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും. ജോലികള്‍ പൂര്‍ത്തിയാകും വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ചെരിവ് കണ്ടെത്തിയ കൊച്ചി മെട്രോ തൂണ്‍ പരിശോധിക്കാന്‍ ഡി എം ആര്‍ സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരനും എത്തിയിരുന്നു. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിര്‍വ്വഹിച്ച കമ്പനിയുടെ വിദഗ്ധരും ശ്രീധരനൊപ്പമുണ്ടായിരുന്നു. മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പരിശോധനക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിര്‍ദ്ദേശങ്ങളും കെ എം ആര്‍ എല്ലിനു സമര്‍പ്പിക്കും. പിന്നീട് വിദഗധ സമിതി ചേര്‍ന്നായിരിക്കും അപാകം പരിഹരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.