തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ചാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങാനുള്ള പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ തീരുമാനം.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ യുദ്ധമുഖം തുറന്ന ഗവര്‍ണറെ അനുനയിപ്പിക്കാനും ഈ തീരുമാനം ഉപകരിച്ചേക്കാം.