റിയാദ് - പങ്കാളികളുമായി ചേര്‍ന്ന് ചൈനയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയുള്ളതായി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ വെളിപ്പെടുത്തി. റിയാദില്‍ ഇന്റര്‍നാഷണല്‍ പെട്രോളിയം ടെക്‌നോളജി കോഫറന്‍സില്‍ പങ്കെടുത്ത് അറാംകൊ സി.ഇ.ഒ അമീന്‍ അല്‍നാസിര്‍ ആണ് ചൈനയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം വെളിപ്പെടുത്തിയത്. ചൈനയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പങ്കാളികളുമായി അറാംകൊ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അറാംകൊയുടെ പ്രവര്‍ത്തന മേഖലയിലെ പ്രധാന ഭാഗമാണ് ചൈന.
ഭാവിയില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരികള്‍ വില്‍പന നടത്തുന്നതിന് കമ്പനിയുടെ ചില ആസ്തികളുടെ മൂല്യം പരിശോധിച്ചുവരികയാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആഗോള വിപണിയില്‍ എണ്ണയാവശ്യം കൊറോണ മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതി വാതക മേഖലയില്‍ കമ്പനി വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. സൗദിയില്‍ സമുദ്രജല ശുദ്ധീകരണശാലകളിലും വൈദ്യുതി നിലയങ്ങളിലും വ്യവസായശാലകളിലും ഉപയോഗിക്കുന്ന ദ്രവീകൃത ഇന്ധനത്തില്‍ 2030 ഓടെ പ്രതിദിനം പത്തു ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താന്‍ ലക്ഷ്യമിട്ടാണ് പ്രകൃതി വാതക മേഖലയില്‍ കമ്പനി നിക്ഷേപങ്ങള്‍ നടത്തുന്നത്.